കണ്ണൂര്‍: കേരളത്തില്‍ കൊവിഡ് പ്രതിരോധ വാക്‌സിനേഷന് ഇന്ന് ആരംഭം കുറിക്കുന്നതിനിടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തയാറാക്കിയതിലെ വിവാദം അടിസ്ഥാന രഹിതമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആവശ്യമെങ്കില്‍ അടുത്ത ഘട്ടത്തില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന് തുടക്കം കുറിച്ച ശേഷം സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാലും ജാഗ്രതയില്‍ ഒട്ടും കുറവ് വരുത്തരുതെന്ന് മന്ത്രി ജനങ്ങളോട് പറഞ്ഞു. വാക്‌സിന്‍ സ്വീകരിച്ചാവല്‍ സംഭവിച്ചേക്കാവുന്ന പാര്‍ശ്വഫലങ്ങളെപ്പറ്റി ആശങ്ക വേണ്ടെന്നും കുത്തിവെയ്പ്പ് എടുത്തവര്‍ക്കുണ്ടാകുന്ന ചെറിയ തരത്തിലുള്ള അലര്‍ജി പോലും ആരോഗ്യ വകുപ്പ് സസൂക്ഷ്മം നിരീക്ഷിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ആദ്യ ദിനമായ ഇന്ന് തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആണ് വാക്‌സിന്‍ കുത്തിവയ്പ്പ് എടുക്കുന്നത്. ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ 13300 പേര്‍ ഇന്ന് വാക്സിന്‍ സ്വീകരിക്കും.
ആദ്യ കുത്തിവയ്പ് കഴിഞ്ഞ് 21 ദിവസം മുതല്‍ ഭാഗിക പ്രതിരോധ ശേഷി , 28 ദിവസത്തിന് ശേഷമുള്ള രണ്ടാമത്തെ ഡോസിന് ശേഷം 14 ദിവസം കഴിഞ്ഞ് പൂര്‍ണ പ്രതിരോധം എന്ന നിലയ്ക്കാണ് കാര്യങ്ങള്‍. രണ്ടാം ഘട്ടത്തിലേക്കുള്ള കൊവിഡ് വാക്‌സിന്‍ ഫെബ്രുവരി ആദ്യവാരത്തോടെ വീണ്ടുമെത്തിക്കും.
133 വാക്‌സീനേഷന്‍ കേന്ദ്രങ്ങളാണ് വാക്‌സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്. ഇവിടെയെല്ലാം ശീതീകരണ സംവിധാനത്തില്‍ കൊവിഷീല്‍ഡ് വാക്‌സീന്‍ സുരക്ഷിതമായി ഉണ്ട്. ഇന്ന് മുതല്‍ 100 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ കുത്തിവയ്പ് എടുക്കും. നാളെ മുതല്‍ കൊവിന്‍ ആപ്പ് ആക്ടിവേറ്റ് ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സന്ദേശം വന്ന തുടങ്ങും. കുത്തിവയ്‌പെടുക്കാന്‍ എത്തേണ്ട കേന്ദ്രം , സമയം എല്ലാം സന്ദേശത്തില്‍ ഉണ്ടാകും.
Content Highlight: Health Minister on Covid Vaccination