തൃശ്ശൂർ ഗുരുവായൂർ ക്ഷേത്ര നടയിൽ ചിത്രീകരിച്ച സ്വകാര്യ കമ്പനിയുടെ പരസ്യം വിവാദത്തിൽ. ചട്ടം ലംഘിച്ച് നടവഴിയിലും പരിസരത്തും സാനിറ്റൈസർ കമ്പനിയുടെ മുദ്ര പതിപ്പിച്ചതിനെതിരെ ബിജെപി രംഗത്തെത്തി. എന്നാൽ ദേവസ്വത്തിന്റെ അനുമതി വാങ്ങാതെയാണ് ചിത്രീകരണം നടന്നതെന്ന് ചെയർമാൻ കെ ബി മോഹൻദാസ് വ്യക്തമാക്കി. ഗുരുവായൂർ ക്ഷേത്ര പരിസരവും ഭക്തർക്ക് ശുചീകരണത്തിനുള്ള സൌകര്യമൊരുക്കുന്നതും സ്വകാര്യ കമ്പനിയാണെന്നാണ് പരസ്യത്തിലുള്ളത്.
സാമൂഹിക അകലം പാലിച്ച് ദർശനം നടത്താനായി നടവഴിയിൽ വരച്ച വൃത്തത്തിനുള്ളിലും കമ്പനിയുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തെ പരസ്യത്തിനായി ഉപയോഗിച്ചുവെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം. ദേവസ്വം ഭരണസമതി അംഗങ്ങൾ പോലും അറിയാതെയാണ് ചിത്രീകരണം നടന്നതെന്നാണ് ബിജെപിയുടെ ആരോപണം. ക്ഷേത്രവും പരിസരവും ശുചീകരിക്കുന്നതിനാണ് സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയതെന്ന് ചെയർമാൻ കെ ബി മോഹൻദാസ് പ്രതികരിച്ചു.
കൂടാതെ പരസ്യം പിൻവലിക്കണമെന്ന് കമ്പനിയോട് ആവശ്യപെട്ടതായും ചെയർമാൻ പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന ഫ്ലക്സുകൾ നീക്കം ചെയ്തിട്ടുണ്ട്. പരസ്യം പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ദേവസ്വം വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights; controversy over ad shot at guruvayor temple