റിപ്പബ്ലിക്ക് ദിന ട്രാക്ടര്‍ പരേഡിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കര്‍ഷകര്‍; രണ്ട് ലക്ഷം ട്രാക്ടറുകളും 2500 സന്നദ്ധപ്രവർത്തകരും

Over 2 lakh tractors will be part of Jan 26 'Kisan parade': Farmer leaders

റിപ്പബ്ലിക്ക് ദിനത്തില്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ പരേഡിനായി തയ്യാറെടുപ്പുകള്‍ നടത്തി കര്‍ഷക സംഘടനകള്‍. ട്രാക്ടര്‍ പരേഡില്‍ രണ്ടുലക്ഷത്തോളം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. 100 കിലോമീറ്റര്‍ ട്രാക്ടര്‍ റാലിക്കായി വിപുലമായ സജ്ജീകരണങ്ങളാണ് കര്‍ഷകര്‍ ഒരുക്കിയിട്ടുളളത്. ട്രാക്ടറുകളുടെ നീക്കം സുഗമമാക്കുന്നതിനായി 2500 സന്നദ്ധ പ്രവര്‍ത്തകരെയും ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നതിനായി കണ്‍ട്രോള്‍ റൂമും തയ്യാറാക്കിയിട്ടുണ്ട്. പരേഡുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി 20 അംഗ കേന്ദ്ര സമിതിയെയും കര്‍ഷകര്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്ക് കീഴില്‍ നിരവധി ഉപസമിതികളും പ്രവർത്തിക്കും.

റാലിയ്ക്കിടയില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടായാല്‍ സന്നദ്ധപ്രവര്‍ത്തകരെ അറിയിക്കണമെന്ന് കര്‍ഷക നേതാക്കളില്‍ ഒരാള്‍ പറഞ്ഞു. ഓരോ ട്രാക്ടറുകളിലും നാലോ അഞ്ചോ കര്‍ഷകര്‍ ഉണ്ടാവും. ദല്‍ഹി രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡ് അവസാനിച്ചതിന് ശേഷം പന്ത്രണ്ടുമണിയോടെയാണ് ട്രാക്ടര്‍ പരേഡ് ആരംഭിക്കുക. സിംഘു, തിക്രി, ഘാസിപുര്‍ എന്നീ അതിര്‍ത്തികളില്‍ നിന്നായിരിക്കും പരേഡിന്റെ തുടക്കം. ട്രാക്ടര്‍ പോകേണ്ട വഴികള്‍ തീരുമാനമായിട്ടില്ല. ട്രാക്ടറുകളുടെ പിറകില്‍ ജീപ്പിലായി സന്നദ്ധപ്രവര്‍ത്തകരുണ്ടാവുമെന്നും കര്‍ഷകര്‍ പറയുന്നു. കുടിവെള്ളം, ഭക്ഷ്യവസ്തുക്കള്‍ എന്നീ അവശ്യവസ്തുക്കളും സന്നദ്ധപ്രവര്‍ത്തകരുടെ കൈവശമുണ്ടാവും. കര്‍ഷകരുടെ ട്രാക്ടര്‍ പരേഡ് ചരിത്രമാകുമെന്ന് കിര്‍തി കിസാന്‍ യൂണിയന്‍ പ്രസിഡന്റ് നിര്‍ഭയ് സിങ്ങ് ധുഡികെ പറഞ്ഞു.

content highlights: Over 2 lakh tractors will be part of Jan 26 ‘Kisan parade’: Farmer leaders