കടയ്ക്കാവൂര്‍ പോക്‌സോ കേസ് കെട്ടിച്ചമച്ചതെന്ന് കുട്ടിയുടെ അമ്മ; മകനും മാനസിക വിഷമം അനുഭവിക്കുന്നുണ്ടാകാം

Kadakkavoor POCSO case: accused Press meet 

കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ ഭര്‍ത്താവിനും രണ്ടാം ഭാര്യയ്ക്കുമെതിരെ ആരോപണവുമായി അറസ്റ്റിലായ അമ്മ. കേസ് ഭര്‍ത്താവും അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യയും ചേര്‍ന്ന് കെട്ടിച്ചമച്ചതാണ്. വിവാഹമോചനം സംബന്ധിച്ച കേസ് നടക്കുകയാണ്. മക്കളെ ആവശ്യപ്പെട്ടതിന്റെ വാശി ഭര്‍ത്താവിനുണ്ടായിരുന്നുവെന്നും യുവതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് സ്റ്റേറ്റ്‌മെന്റ് എടുക്കാനാണെന്ന് പറഞ്ഞ് പൊലീസ് കൊണ്ടുപോവുകയായിരുന്നു. അതിനുശേഷമാണ് റിമാന്‍ഡ് ചെയ്യുകയാണെന്ന് അറിഞ്ഞത്. എനിക്കെതിരെ മോന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അതിന്റെ പേരില്‍ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടെന്നാണ് പൊലീസ് പറഞ്ഞതെന്നും കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

വിവാഹമോചനം സംബന്ധിച്ച കേസ് കുടുംബ കോടതിയില്‍ നടക്കുകയാണ്. എന്നെയും ഭര്‍ത്താവിനെയും ഒരുമിച്ച് വിളിപ്പിച്ചിട്ടില്ല. കൂടെയുണ്ടായിരുന്ന മകനെ ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവന്‍ പോകാന്‍ തയ്യാറായിരുന്നില്ല. ഇതോടെ ഭീഷണിപ്പെടുത്തിയിരുന്നു. എന്തുവില കൊടുത്തും എന്നെ ജയിലിലാക്കി അവനെ കൊണ്ടുപോകുമെന്ന് പറഞ്ഞിരുന്നു. എന്നെയും മക്കളെയും ഭര്‍ത്താവ് മര്‍ദ്ദിക്കുമായിരുന്നു. കോടതിയില്‍ ഉയര്‍ന്ന ആക്ഷേപങ്ങളെക്കുറിച്ച് സംസാരിക്കാനുള്ള മാനസികാവസ്ഥയില്ല. പൊലീസ് കാര്യങ്ങള്‍ വളച്ചൊടിച്ചോ എന്നൊന്നും അറിയില്ല. മകന് നല്‍കിയിരുന്നത് അലര്‍ജിക്കുള്ള മരുന്നാണ്. അറസ്റ്റിനുശേഷം മോശം അനുഭവമില്ല. ജയിലില്‍ ഉള്‍പ്പെടെ നല്ല പെരുമാറ്റമാണുണ്ടായത്. സത്യം പുറത്തുകൊണ്ടുവരണമെന്നാണ് എല്ലാവരും പറയുന്നത്. അതു തന്നെയാണ് പ്രതീക്ഷ. വനിത ഉദ്യോഗസ്ഥ അന്വേഷിച്ചാല്‍ സത്യം പുറത്തുവരും. എനിക്കുവേണ്ടി മാത്രമല്ല, എല്ലാ അമ്മമാര്‍ക്കും വേണ്ടി സത്യം പുറത്തുവരണം’ -യുവതി പറഞ്ഞു.

പരാതി നല്‍കിയ മകനോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല. എന്നെപ്പോലെ അവനും മാനസിക വിഷമം അനുഭവിക്കുന്നുണ്ടാകും. പോലീസ് മൊബൈലില്‍ നിന്ന് കണ്ടെത്തിയെന്ന് പറയുന്നതിനെക്കുറിച്ച് ഒന്നും അറിയില്ല. ആരോടും ഒന്നും പറയാനില്ല. എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. കരഞ്ഞുകൊണ്ട് യുവതി മാധ്യമങ്ങളോട് വ്യക്തമാക്കി. 13 വയസുള്ള സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് പോക്സോ കേസ് ചുമത്തപ്പെട്ട് ജയിലിലായ അമ്മ ഇന്നലെയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.

content highlights: Kadakkavoor POCSO case: accused Press meet