എം.സി. ജോസഫൈനെ രൂക്ഷമായി വിമര്‍ശിച്ച് കഥാകൃത്ത് ടി. പദ്മനാഭന്‍; പ്രചരിക്കുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങളെന്ന് ജോസഫൈന്‍

T Padmanabhan slams mc Josephine on her rude behavior

വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈനെ രൂക്ഷമായി വിമര്‍ശിച്ച് കഥാകൃത്ത് ടി. പദ്മനാഭന്‍. സിപിഐഎമ്മിന്റെ ഗൃഹ സന്ദര്‍ശനത്തിനായി പി. ജയരാജന്‍ എത്തിയപ്പോഴാണ് ടി. പദ്മനാഭന്‍ അതൃപ്തി അറിയിച്ചത്. വനിതാ കമ്മീഷന്‍ അധ്യക്ഷ 87 വയസുള്ള വൃദ്ധയെ അധിക്ഷേപിച്ചത് ക്രൂരമായി പോയി. ദയവും ദാക്ഷിണ്യവും ഇല്ലാത്ത പെരുമാറ്റമാണ് ജോസഫൈന്റേത്. പദവിക്ക് നിരക്കാത്ത വാക്കുകളാണ് ഉപയോഗിച്ചത്. ദയ മനസ്സിലും പെരുമാറ്റത്തിലും ഇല്ല. കാറും ഉയര്‍ന്ന ശമ്പളവും നല്‍കി ഇവരെ നിയമിച്ചത് എന്തിനായിരുന്നുവെവെന്നും ടി. പത്മനാഭന്‍ ചോദിച്ചു.

കണ്ണൂര്‍ ജില്ലയില്‍ സിപിഐഎമ്മിന്റെ ഗൃഹ സന്ദര്‍ശന പരിപാടി ആരംഭിച്ചത് കഥാകൃത്ത് ടി. പദ്മനാഭന്റെ വീട്ടില്‍ നിന്നായിരുന്നു. പി. ജയരാജന്റെ നേതൃത്വത്തിലായിരുന്നു നേതാക്കള്‍ വീട്ടിലെത്തിയത്. ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായി ആശയ വിനിമയം നടത്തുന്നതിനിടെയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരെ ടി. പദ്മനാഭന്‍ വിമര്‍ശനം ഉന്നയിച്ചത്. വിമര്‍ശനം പാര്‍ട്ടി നേതൃത്വത്തിന്റെയും ജോസഫൈന്റെയും ശ്രദ്ധയില്‍പ്പെടുത്താമെന്ന് ജയരാജന്‍ ഉറപ്പുനല്‍കി. എന്നാല്‍ അത് വേണമെന്നില്ലെന്നായിരുന്നു പത്മനാഭന്റെ മറുപടി. സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജനങ്ങള്‍ക്കിടെ അവമതിപ്പുണ്ടാക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രചരിക്കുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്ന് ജോസഫൈന്‍ വ്യക്തമാക്കി. വിഷയത്തില്‍ പൊലീസിന്റെയും വനിതാ കമ്മീഷന്റെയും ഭാഗത്തുനിന്നുള്ള നിയമനടപടികള്‍ നടന്നുകൊണ്ടിരിക്കെ കേസ് സംബന്ധമായ കാര്യം സംസാരിക്കേണ്ട സാഹചര്യമില്ലായിരുന്നു. നൂറുകണക്കിന് പരാതികള്‍ ലഭിക്കുമ്പോള്‍ എല്ലാ പരാതികളും ഓര്‍ത്തുവെക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഫോണ്‍ വിളിച്ചയാളുടെ ആശയവിനിമയത്തിലെ അവ്യക്തതയാണ് പുതിയ പരാതിയാണെന്ന ധാരണയില്‍ ഉപദേശ രൂപേണ സംസാരിക്കാന്‍ ഇടയാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ വാര്‍ഡിലും വനിതാ കമ്മിഷന്റെ മേല്‍നോട്ടത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ അധ്യക്ഷനായി ജാഗ്രതാസമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് ചോദിക്കുകയായിരുന്നു. എന്നാല്‍ സത്യാവസ്ഥ പോലും അന്വേഷിക്കാതെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ കമ്മീഷന്‍ വ്യക്തമാക്കി.

content highlights: T Padmanabhan slams mc Josephine on her rude behavior