അധികാരത്തിലെത്തിയാൽ 100 ദിവസത്തിനകം ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കും; സ്റ്റാലിൻ

TN Polls: M K Stalin to campaign across the state from Jan 29

അധികാരത്തിലെത്തിയാൽ 100 ദിവസത്തിനകം ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് എം. കെ. സ്റ്റാലിൻ. നിയമസഭ തെരഞ്ഞെടുപ്പ് പര്യടനം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 29ന് തിരുവണ്ണാമലയിൽ തുടങ്ങുന്ന പര്യടനം ഒരു മാസം കൊണ്ട് 234 മണ്ഡലങ്ങളിലെത്തും. ‘നിങ്ങളുടെ മണ്ഡലത്തിൽ സ്റ്റാലിൻ’ എന്ന് പേരിട്ടിരിക്കുന്ന പ്രചാരണത്തിനിടെ ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കും. ഇങ്ങനെ ലഭിക്കുന്ന പരാതികൾ അധികാരത്തിലേറി 100 ദിവസം കൊണ്ട് പരിഹരിക്കും. ഇതിനായി മുഖ്യമന്ത്രിയുടെ കീഴിൽ പ്രത്യേക വകുപ്പിന് രൂപം നൽകുമെന്നും സ്റ്റാലിൻ അറിയിച്ചു. 

മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ ഗോപാലുരത്തെ വീട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിലെത്തിയാൽ ജനങ്ങളുടെ പരാതി പരിഹരിക്കുമെന്ന് മുൻ മുഖ്യമന്ത്രിമാരായ അണ്ണാദുരെെ, കരുണാനിധി എന്നിവരുടെ പേരിൽ സ്റ്റാലിൻ പ്രതിജ്ഞ ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ആദ്യഘട്ടമായി സ്റ്റാലിൻ ഗ്രാമസഭകൾ നടത്തിയിരുന്നു. ഗ്രാമസഭകളിലൂടെ ഒന്നര കോടിയിലേറെ ജനങ്ങളുമായി നേരിട്ട സംവദിച്ചുവെന്ന് സ്റ്റാലിൻ പറഞ്ഞു. സീറ്റ് വിഭജന ചർച്ചകൾ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം നടക്കുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.

content highlights: TN Polls: M K Stalin to campaign across the state from Jan 29