സുധ കൊംങ്കര സംവിധാനം ചെയ്ത് സൂര്യ നായകനും അപർണ ബാലമുരളി നായികയുമായി എത്തിയ ചിത്രം സുരറെെ പോട്ര് ഓസ്കാറിൽ മത്സരിക്കും. മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച ഒർജിനൽ സ്കോർ തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരിക്കുക. ചിത്രത്തിൻ്റെ സഹനിർമാതാവായ രാജശേഖർ പാണ്ഡ്യനാണ് ഈ വിവരം പുറത്തുവിട്ടത്.
കൊവിഡ് 19 കാരണം ഓസ്കാർ അക്കാദമി മത്സരത്തിന് അയക്കാൻ സാധിക്കുന്ന ചിത്രങ്ങൾക്കുള്ള നിയമങ്ങളിൽ പലവിധ മാറ്റങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഇതുകാരണമാണ് ഓടിടി ഫ്ലാറ്റ്ഫോമിലൂടെ റിലീസിനെത്തിയ ചിത്രത്തിനും മത്സരിക്കാൻ സാധിക്കുന്നത്. ജനറൽ ക്യാറ്റഗറിയിലായിരിക്കും മത്സരിക്കുക. സാധാരണ ജൂറി അംഗങ്ങൾക്കായി ലോസ് ഏഞ്ജലീസിൽ സിനിമയുടെ അണിയറപ്രവർത്തകർ തന്നെ ഷോ സംഘടിപ്പിക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ എല്ലാം വിർച്വൽ ആണ്. ഓൺലെെൻ ആയി ജൂറി അംഗങ്ങൾ സിനിമ കാണും.
ആമസോൺ പ്രെെമിലൂടെയാണ് സുരറെെ പോട്ര് റിലീസിനെത്തിയത്. സെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ഗോപിനാഥിൻ്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു ഇത്. ഉർവ്വശി, പരേഷ് റാവൽ, ജി.വി. പ്രകാശ് കുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
content highlights: Suriya and Sudha Kongara’s Soorarai Pottru enters Oscar race, announces producer