ഹോളിവുഡ് നടി ക്ലോറിസ് ലീച്ച്മാൻ അന്തരിച്ചു

Cloris Leachman actress passed away

ഹോളിവുഡ് നടി ക്ലോറിസ് ലീച്ച്മാൻ അന്തരിച്ചു. 94 വയസ്സായിരുന്നു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ദീഡഘകാലങ്ങളായി ചികിത്സയിലായിരുന്നു. കാലിഫോർണിയയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഏഴ് പതിറ്റാണ്ടിലേറ കാലം സിനിമാ രംഗത്ത് നിറഞ്ഞ് നിന്ന ക്ലോറിസ് സ്വഭാവ നടിയായും ഹാസ്യനടിയായും ഒരേപോലെ തിളങ്ങി. ദ ലാസ്റ്റ് പിക്ചർ ഷോയിലെ (1971) അഭിനയത്തിന് ഓസ്കാർ പുരസ്കാരവും ബാഫ്ത പുരസ്കാരവും സ്വന്തമാക്കി. എട്ട് പ്രൈം ടൈം എമ്മി പുരസ്കാരവും ഒരു ഡേ ടൈം എമ്മി പുരസ്കാരവും സ്വന്തമാക്കി.

1926 ഏപ്രിൽ 20 ന് അമേരിക്കയിലെ ഡെസ് മൊയ്നിലാണ് ജനനം. കൌമാര പ്രായത്തിൽ തന്നെ നാടക രംഗത്ത് സജീവമായി. ഹൈസ്കൂൾ പഠനത്തിന് ശേഷം നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ ഉപരി പഠനത്തിന് ചേർന്നു. പിന്നീട് ഗാമ ഫൈ ബീറ്റയിലെത്തി. അഭിനേതാക്കളായ പോൾ ലിൻഡെ, ഷാൻലറ്റ് റേ എന്നിവർ ഗാമ ഫൈ ബീറ്റയിലെ ക്ലോറിസിന്റെ സഹപാഠികളായിരുന്നു. 1946 ൽ മിസ് അമേരിക്ക സൌന്ദര്യ മത്സരത്തിൽ പങ്കെടുത്ത ശേഷം ക്ലോറിസ് ടെലിവിഷനിലും സിനിമകളിലും സജീവമായിരുന്നു.

1947 ൽ പുറത്തിറങ്ങിയ കാർനേജി ഹാൾ ആണ് ആദ്യമായി അഭിനയിച്ച ചിത്രം. കിസ് മി ഡെയ്ലി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടി. ദ ലാസ്റ്റ് പിക്ചർ ഷോ, യെസ്റ്റർഡേ, എ ട്രോൾ ഇൻ സെൻട്രൽ പാർക്ക്, നൌ ആന്റ് ദെൻ, സ്പാഗ്ലിഷ്, എക്സപെക്ടിങ് മേരി, യു എഗെൈൻ, ദ വിമൺ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. കൂടാതെ നിരവധി ടെലിവിഷൻ ഷോകളിലും ടെലി ഫിലിമുകളിലും വേഷമിട്ടിട്ടുണ്ട്. ഹൈ ഹോളിഡേയാണ് അവസാനമായി വേഷമിട്ട ചിത്രം. 2020 ൽ ഷൂട്ടിങ് പൂർത്തിയായ ഈ ചിത്രം ഇനിയും പുറത്തിറങ്ങിയിട്ടില്ല.

Content Highlights; Cloris Leachman actress passed away