ഇസ്രയേൽ എംബസിക്ക് സമീപം നടന്ന സ്ഫോടനത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്ഷെ ഉൽ ഹിന്ദ്

ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്ഷെ ഉൽ ഹിന്ദ് എന്ന സംഘടനയുടെ ടെലഗ്രാം പോസ്റ്റ്. തുടക്കം മാത്രമാണിതെന്നും കൂടുതൽ സ്ഥലങ്ങളിൽ സ്ഫോടനം ഉണ്ടാകുമെന്നും പോസ്റ്റിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ അവകാശം ഉന്നയിച്ച സംഘടന ഏതാണെന്ന കാര്യത്തിൽ അന്വേഷണ ഏജൻസികൾക്ക് വ്യക്തത ലഭിച്ചിട്ടില്ല. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും നഗരത്തിലെ സംശയമുളവാക്കുന്ന നീക്കങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്. 

വെള്ളിയാഴ്ച വെെകിട്ട് അഞ്ചിന് നഗര ഹൃദയത്തിലുള്ള എംബസിക്ക് സമീപത്തെ എപിജെ അബ്ദുൾ കലാം റോഡിലായിരുന്നു അപകടം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു. പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞ നിലയിലായിരുന്നു സ്ഫോടകവസ്തു. സ്ഫോടനത്തിനായി അമോണിയം നെെട്രേറ്റ് ഉപയോഗിച്ചതായാണ് കരുതുന്നതെന്ന് ഭീകരവാദ വിരുദ്ധ സ്ക്വാഡ് ഉദ്യോഗസ്ഥൻ  മാധ്യമത്തോട് പറഞ്ഞു. ഇന്ത്യ- ഇസ്രായേൽ നയതന്ത്ര ബന്ധത്തിൻ്റെ 29ാം വാർഷിക ദിനമായിരുന്നു വെളളിയാഴ്ച. 

content highlights: Jaish-ul-Hind claims responsibility for the blast near Israel embassy