ന്യൂഡല്‍ഹി: ഡല്‍ഹി ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ച വസ്തു കണ്ടെത്തി. സ്ഫോടനത്തിന് ഉപയോഗിച്ചത് പിഇടിഎന്‍ (പെന്റൈറിത്രൈറ്റോള്‍ ടെട്രാനിട്രേറ്റ്) എന്ന് കണ്ടെത്തല്‍. മിലിറ്ററി ഗ്രേഡ് സ്ഫോടക വസ്തുവാണ് പിഇടിഎന്‍. ബോംബുകള്‍ നിര്‍മ്മിക്കുന്നതിന് അല്‍ഖ്വയ്ദ പോലുള്ള ഗ്രൂപ്പുകളാണ് പിഇടിഎന്‍ ഉപയോഗിച്ചിരുന്നത്.
രാജ്യത്ത് എത്തിയ ഇറാന് പൗരന്മാരുടെ വിവരങ്ങളും അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. വിസ കാലാവധി കഴിഞ്ഞും തങ്ങുന്നവരെയാണ് ചോദ്യം ചെയ്യുന്നത്. വെള്ളിയാഴ്ച വൈകീട്ടാണ് പൂച്ചെട്ടിയില്‍ സ്ഥാപിച്ച ശേഷി കുറഞ്ഞ ബോംബ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ മൂന്ന് കാറുകള്‍ക്ക് കേടുപാട് സംഭവിച്ചു. സ്ഫോടന സമയത്ത് സ്ഥലത്ത് ആക്ടീവായിരുന്ന 45000 മൊബൈല്‍ ഫോണ്‍ വിശദാംശങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്. അന്വേഷണത്തെ സഹായിക്കാനായി ഇസ്രയേലില്‍ നിന്ന് ഒരു സംഘം ഇന്ന് ഇന്ത്യയിലെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ സംഭവം അന്വേഷിച്ച് വരികയാണ്. സ്ഫോടക വസ്തു കൊണ്ട് വെച്ചതെന്ന് സംശയിക്കുന്ന രണ്ട് പേരുടെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ കൊണ്ടുവിട്ട ടാക്സി ഡ്രൈവറെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ സഹായത്തോടെ ഇവരുടെ രേഖാചിത്രം തയ്യാറാക്കി വരികയാണ്.
Content Highlight: Iran link emerges in Israel embassy attack probe despite false flags: Cops