ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ നിര്‍ണായക വഴിത്തിരിവ്; ഇരുരാജ്യങ്ങളും സേനാ പിന്‍മാറ്റം തുടങ്ങി

Big Breakthrough In China Standoff At Key Pangong Lake

അതിര്‍ത്തിയിലെ ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും സേനാ പിന്‍മാറ്റം തുടങ്ങിയതായി പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് രാജ്യസഭയിൽ അറിയിച്ചു. ഏപ്രിലിനു ശേഷമുള്ള നിര്‍മാണങ്ങള്‍ ഇരുരാജ്യങ്ങളും നീക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം ലഡാക്കിലെ മറ്റുസംഘര്‍ഷ മേഖലകളില്‍ നിന്ന് ഇരുസേനകളും ഒഴിഞ്ഞ് പോകുന്നത് സംബന്ധിച്ച നടപടികളൊന്നും ഇരുരാജ്യങ്ങളും സ്വീകരിച്ചിട്ടില്ല. 48 മണിക്കൂറിനുളളില്‍ സൈനികതലത്തില്‍ ഒരു കൂടിക്കാഴ്ച ഉണ്ടാകും. ഈ കൂടിക്കാഴ്ചയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും.

പാംഗോംങ് തടാകത്തിലെ ഫിംഗര്‍ മൂന്ന് മലനിരകളിലേക്ക് ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങും. ചൈനീസ് സേന ഫിംഗര്‍ എട്ട് മലനിരയിലേക്ക് പിന്‍വാങ്ങും എന്നാണ് ഇപ്പോള്‍ പ്രതിരോധമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഇതിനിടയിലുളള മേഖലകള്‍ നോണ്‍പട്രോളിങ് സോണായിരിക്കുമെന്നാണ് പ്രതിരോധമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. അത്തരമൊരു ഒത്തുതീര്‍പ്പിലാണ് ഇരുരാജ്യങ്ങളും എത്തിയിരിക്കുന്നത്. 

നമ്മുടെ ധാരണകൾക്ക് വിപരീതമായി ചൈന നിയന്ത്രണ രേഖയിലേക്ക് വലിയ തോതിൽ സേനയെ അയച്ചു. നമ്മുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യയും സൈനിക ബലം ശക്തമാക്കിയെന്നും രാജ്നാഥ് സിങ് രാജ്യസഭയിൽ പറഞ്ഞു. സംഘര്‍ഷം ഒഴിവാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പാംഗോങ് തടാകത്തിന്റെ വടക്ക്, തെക്ക് തീരങ്ങളിൽനിന്ന് ഇന്ത്യൻ–ചൈനീസ് സംഘങ്ങൾ പിൻവാങ്ങാൻ ആരംഭിച്ചതായി ചൈന ഇന്നലെ അറിയിച്ചിരുന്നു. പാംഗോങ് തടാകത്തിന്റെ തീരത്തുള്ള ഇരുരാജ്യങ്ങളുടെയും സൈനികർ ഫെബ്രുവരി 10 മുതൽ പിൻവാങ്ങുമെന്നാണു ചൈനീസ് പ്രതിരോധ മന്ത്രാലയം വക്താവ് കേണൽ വു ക്വിയാന്റെ പ്രസ്താവനയിൽ പറഞ്ഞത്. ഇതിനോടാണ് രാജ്നാഥ് സിങ് ഇന്ന് രാജ്യസഭയിൽ പ്രതികരിച്ചത്.

content highlights: Big Breakthrough In China Standoff At Key Pangong Lake