ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ എണ്ണച്ചോര്‍ച്ച അന്വേഷിക്കാന്‍ വ്യവസായവകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന വ്യവസായ വകുപ്പിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, മലബാര്‍ സിമന്റ്സ് എം.ഡി. എം.മുഹമ്മദ് അലി, കെ.എം.എം.എല്‍. എം.ഡി. എസ്.ചന്ദ്രബോസ് എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങള്‍.
വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമാണ് മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. 10 ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കൃത്യസമയത്ത് വിവരം അറിയിക്കുന്നതില്‍ കമ്പനിയുടെ ഭാഗത്തു വീഴ്ചയുണ്ടായെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറി. തീരത്ത് രണ്ടര കിലോമീറ്ററിലധികം ദൂരത്തില്‍ പടര്‍ന്ന എണ്ണയാണ് രാവിലെ മുതല്‍ ജീവനക്കാര്‍ നീക്കം ചെയ്തത്.
മാലിന്യം പൂര്‍ണമായും നീക്കുന്നതുവരെ കമ്പനി പ്രവര്‍ത്തിപ്പിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ കടലില്‍ പോകാന്‍ കഴിയാതായ മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കമ്പനിക്കുള്ളിലേക്ക് ഇരച്ചുകയറി. പൊലീസ് ബലം പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ ഗേറ്റിന് പുറത്തെത്തിച്ചത്.
content highlights: probe on the titanium oil leak