ദശാബ്ദങ്ങള്‍ കഴിഞ്ഞും പരാതി ഉന്നയിക്കാം; മാനനഷ്ടക്കേസിൽ പ്രിയാ രമണി കുറ്റവിമുക്ത, എം ജെ അക്ബറിന്റെ കേസ് തള്ളി

Woman Has Right To Put Her Grievance Even After Decades: Delhi Court Acquits Priya Ramani In MJ Akbar's Criminal Defamation Case

മീടു കേസിൽ മുൻ കേന്ദ്രമന്ത്രി എം.ജെ. അക്ബറിന് തിരിച്ചടി. അക്ബറിനെതിരെ ആരോപണമുന്നയിച്ച മാധ്യമപ്രവർത്തക പ്രിയാ രമണിയെ ഡൽഹി കോടതി കുറ്റവിമുക്തയാക്കി. പ്രിയാ രമണിക്കെതിരായ അക്ബറിന്റെ ക്രിമിനൽ മാനനഷ്ടക്കേസ് കോടതി തള്ളി. ദശാബ്ദങ്ങള്‍ കഴിഞ്ഞാലും സ്ത്രീക്ക് പരാതി നല്‍കാന്‍ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാറാണ് വിധി പ്രസ്താവിച്ചത്.

ലൈംഗിക പീഡനത്തിന് ഇരയാകുന്ന ആള്‍ നേരിടേണ്ടിവരുന്ന പ്രയാസങ്ങളും ക്ലേശങ്ങളും സമൂഹം മനസ്സിലാക്കണം. സാമൂഹ്യമായി വലിയ നിലയിലുള്ള ആള്‍ക്കും ലൈംഗിക പീഡകനാകാന്‍ കഴിയും. അത്തരം പ്രവൃത്തി ഒരാളുടെ അന്തസ്സും ആത്മാഭിമാനവും ഇല്ലാതാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ലൈംഗിക ചൂഷണത്തിൽ ശബ്ദമുയർത്തിയതിന് സ്ത്രീകളെ ശിക്ഷിക്കാനാകില്ല. പരാതിയുമായി ഏതു സമയത്തും മുന്നോട്ടുപോകാൻ സ്ത്രീകൾക്ക് ഇന്ത്യൻ ഭരണഘടന അനുമതി നല്‍കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. പ്രിയാ രമണിക്കെതിരായ ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെന്നും കോടതി വ്യക്തമാക്കി.

1994ല്‍ ജോലിക്കായുളള അഭിമുഖത്തിനിടെ മുംബയിലെ ഹോട്ടല്‍മുറിയില്‍ വച്ച് എം.ജെ. അക്ബര്‍ ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു പ്രിയ രമണി നടത്തിയ വെളിപ്പെടുത്തിയത്. മന്ത്രി എന്ന നിലയ്ക്ക് മാത്രമല്ല വര്‍ഷങ്ങളായി താന്‍ ആര്‍ജിച്ചെടുത്ത കീര്‍ത്തിയും ബഹുമാനവും കുടുംബത്തിലും സഹപ്രവര്‍ത്തകര്‍ക്കിടയിലും നഷ്ടപ്പെട്ടെന്ന് ആരോപിച്ചാണ് പ്രിയ രമണിക്കെതിരെ അക്ബര്‍ കോടതിയില്‍ ക്രിമിനല്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്.

content highlights: Woman Has Right To Put Her Grievance Even After Decades: Delhi Court Acquits Priya Ramani In MJ Akbar’s Criminal Defamation Case