കോവാക്സീൻ ഫലപ്രദം, സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞു; മുഖ്യമന്ത്രി

സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ കോവിഡ് രോഗികളുടെ എണ്ണം 13 ശതമാനം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെപ്റ്റംബർ 25ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധ വ്യാഴാഴ്ച രേഖപ്പെടുത്തി. കോവിഡ് വാക്സീനായ കോവാക്സീൻ ഫലപ്രദമാണ്. ജനിതകമാറ്റം വന്ന യുകെ വൈറസിന് ഉൾപ്പെടെ കോവാക്സീൻ ഫലപ്രദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാക്സിനേഷൻ നടപടികൾ സുഗമമാക്കും. കോവിൻ പോർട്ടലിൽ 15 ദിവസത്തെ വാക്സിനേഷൻ സെഷനുകൾ സൃഷ്ടിക്കും. വാക്സിനേഷൻ കേന്ദ്രങ്ങൾ വർധിപ്പിക്കും. സെഷനുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യും. കോവിഡ് കേന്ദ്രങ്ങളിൽ നേരിട്ടെത്തുന്നവർക്ക് ടോക്കൺ സംവിധാനം ഏർപ്പെടുത്തും. സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്നുവെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

കേന്ദ്ര ഏജൻസികൾ സ്ത്രീകൾ അടക്കമുള്ള ഉദ്യോഗസ്ഥരെ അപമാനിക്കുന്നു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കപ്പെടുന്നു. കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ കിഫ്ബിക്കെതിരെ നടത്തിയ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനമാണ്. ഉദ്യോഗസ്ഥർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് ലഭിക്കും മുൻപ് മാധ്യമങ്ങൾക്ക് വാർത്ത ലഭിച്ചു. കിഫ്ബിക്കെതിരായ ആരോപണം ജനങ്ങൾ തള്ളിയതിനാൽ ഇഡിയെ ഉപയോഗിക്കുന്നു. കേന്ദ്രം ഭരിക്കുന്ന കക്ഷി പറയുന്നതെല്ലാം ശരിയെന്നാണ് പ്രതിപക്ഷ നിലപാട്. കിഫ്ബി മസാല ബോണ്ട് ഇറക്കിയത് നിയമങ്ങൾ പാലിച്ചുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

content highlights: CM Pinarayi Vijayan Press Meet