പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും ചേർന്ന് ഓസ്‌കര്‍ പട്ടിക പുറത്ത് വിടും

93ആമത് ഓസ്കർ നാമനിർദ്ദേശങ്ങൾ താര ദമ്പതിമാരായ പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും ചേർന്ന് പ്രഖ്യാപിക്കും. മാര്‍ച്ച് 15 നാണ് പട്ടിക പുറത്ത് വിടുന്നത്. പ്രിയങ്ക തന്നെയാണ് വിവരം ആരാധകരുമായി പങ്കുവച്ചത്. ലൈവ് പരിപാടിയിലാവും പ്രഖ്യാപനം. ഓസ്കറിൻ്റെ യൂട്യൂബ്, ഫേസ്ബുക്ക് ട്വിറ്റർ അക്കൗണ്ടുകളിലൂടെ പരിപാടി നേരിൽ കാണാനാവും.

”ഹേ അക്കാദമി, ഓസ്‌കര്‍ നാമനിര്‍ദേശം ഞാന്‍ ഒറ്റയ്ക്ക് പ്രഖ്യാപിക്കട്ടെ. തമാശ പറയുന്നതാണ്. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു നിക്ക് ജോനാസ്. ഓസ്‌കര്‍ നാമനിര്‍ദേശ പട്ടിക പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ ഏറെ ആവേശത്തിലാണ്”- പ്രിയങ്ക കുറിച്ചു. കോവിഡ് പ്രതിസന്ധി ഉള്ളതിനാല്‍ മത്സര ചിത്രങ്ങള്‍ക്കുള്ള നിയമങ്ങളില്‍ അക്കാദമി പലവിധ മാറ്റങ്ങളും വരുത്തിയിരുന്നു. സാധാരണ ജൂറി അംഗങ്ങള്‍ക്കായി ലോസ് ആഞ്ജലീസില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ ഷോ സംഘടിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ എല്ലാം വിര്‍ച്വല്‍ ആണ്. 

366 ചിത്രങ്ങളാണ് പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഫെബ്രുവരി 28 മുതല്‍ യു.എസിലെ ആറ് പ്രധാന നഗരങ്ങളിലെ ഏതെങ്കിലും തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കണം എന്ന നിബന്ധനയും വച്ചിരുന്നു. മാര്‍ച്ച് 5 മുതല്‍ 10 വരെയാണ് വോട്ടിങ് നടന്നത്.

content highlights: Priyanka, Nick Jonas to Announce Oscar Nominations on Monday