കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് പറയണമെങ്കില്‍ തന്റെ സാമാന്യബുദ്ധിക്ക് തകരാറുണ്ടാവണം; ഇന്നസെന്റ്

കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് താന്‍ പറഞ്ഞുവെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് താന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ തന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണമെന്നാണ് ഇന്നസെന്റ് പ്രതികരിച്ചു. കോൺഗ്രസിന്റെ തിരിച്ചുവരവ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇന്നസെന്റ് പറഞ്ഞതായി നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വാർത്തയോട് സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

“ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോൺഗ്രസ് തിരിച്ചു വരണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ എന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം. എന്റെ പിതാവിലൂടെ എന്നിലേക്ക് പകർന്നതാണ് എന്റെ രാഷ്ട്രീയം. കരുതലിന്റേയും വികസനത്തിന്റേയും തുടർ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് എനിക്കും. അതില്ലാതാക്കാൻ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ല,” ഇന്നസെന്റ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

2014 മേയിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി ഇന്നസെന്റ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പി.സി ചാക്കോ ആയിരുന്നു അന്നത്തെ എതിരാളി. എന്നാൽ 2019ൽ വീണ്ടും ജനവിധി തേടിയ ഇന്നസെന്റ് ബെന്നി ബെഹനാനോട് പരാജയപ്പെടുകയായിരുന്നു.

content highlights: Innocent against fake news related to the congress