ലോകത്ത് ഇരട്ടകുട്ടികളുടെ ജനനനിരക്ക് റെക്കോര്‍ഡ് വര്‍ധന ഉണ്ടായതായി റിപ്പോർട്ട്. ലോകരാജ്യങ്ങളിലെ ഇരട്ട കുട്ടികളുടെ ജനനങ്ങളെക്കുറിച്ചുള്ള ആദ്യത്തെ സമഗ്ര സര്‍വേ പ്രകാരമുള്ള റിപ്പോർട്ടുകളാണ് പുറത്തു വന്നത്. നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള രേഖകള്‍ വിശകലനം ചെയ്ത ശേഷമാണ് ഗവേഷകര്‍ പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇപ്പോള്‍ ജനിക്കുന്നവരില്‍ 42 ല്‍ ഒരു ജനനം ഇരട്ടകുട്ടിയാണെന്നാണ് കണ്ടെത്തല്‍. ഇങ്ങനെ നോക്കുമ്പോള്‍ പ്രതിവര്‍ഷം 1.6 ദശലക്ഷം ഇരട്ടജനനങ്ങള്‍ ഉണ്ടാകുന്നുവെന്നാണ് കണക്കാക്കുന്നത്.
1980 കള്‍ക്കുശേഷം ഇതാദ്യമായാണ് ഇരട്ടകുട്ടികളുടെ ജനനനിരക്കില്‍ ഗണ്യമായ വര്‍ദ്ധനവ് കണ്ടെത്തിയത്. കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ആഗോള തലത്തില്‍ ഇരട്ട ജനനനിരക്ക് മൂന്നിലൊന്ന് വര്‍ദ്ധിച്ചതായും സര്‍വേ റിപ്പോർട്ട് പറയുന്നു. ചില രാജ്യങ്ങളില്‍ ഈ കണക്കുകള്‍ റെക്കോര്‍ഡ് തലങ്ങളിലേക്ക് എത്താന്‍ തുടങ്ങിയിട്ടുണ്ടെന്ന് ഏറ്റവും പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ഹോര്‍മോണ്‍ ചികിത്സ, ഐവിഎഫ്, മറ്റ് ഫെര്‍ട്ടിലിറ്റി ചികിത്സകള്‍ എന്നിവയിലേക്ക് എത്തുന്നതും അവ വര്‍ദ്ധിക്കുന്നതും നിരക്കുകളിലെ മാറ്റത്തിന് പ്രധാന കാരണമായി പറയുന്നു.
content highlights: World at ‘peak twin’ as birth rates reach historic high, study finds