പിണറായിയെ ഭയമില്ല; വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടം മണ്ഡലത്തിൽ മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് കളക്ട്രേറ്റിലെത്തിയാണ് പത്രിക സമർപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെയോ സിപിഎമ്മിനെയോ ഭയമില്ലെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. മക്കളുടെ നീതിക്കായുള്ള പോരാട്ടത്തിന്റെ ഭാഗമാണ് മത്സരം. എന്തുകൊണ്ട് വാക്കുപാലിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി ചോദിക്കാനുള്ള അവസരമായിട്ടാണ് സ്ഥാനാര്‍ഥിത്വത്തെ കാണുന്നത്. ഇതിന്റെ പേരിലുള്ള ഭവിഷ്യത്തുകള്‍ താന്‍ ഇതുവരെ അനുഭവിച്ചതിന്റെ അത്രത്തോളം വരില്ലെന്നും കുട്ടികളുടെ അമ്മ പറഞ്ഞു. വാളയാർ പെൺകുട്ടികളുടെ അമ്മയെ യുഡിഎഫ് പിന്തുണയ്ക്കില്ലെന്നാണ് വിവരം.

കേസ് അട്ടിമറിച്ചവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വാക്കുനല്‍കിയിരുന്നു. എന്നാല്‍ പിന്നീട് താന്‍ കേള്‍ക്കുന്നത് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാതെ അവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയെന്നാണ്. മൂത്ത കുട്ടിയുടെ കേസന്വേഷണം മാത്രമാണ് സിബിഐക്ക് വിട്ടത്. ഇളയകുട്ടിയുടെ ദുരൂഹ മരണം സിബിഐക്ക് വിടാത്തത് ചതിയാണെന്നും അവര്‍ പറഞ്ഞു.

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് വാളയാർ പെൺകുട്ടികളുടെ അമ്മ തീരുമാനിച്ചത്. മക്കൾക്ക് നീതി തേടി സംസ്ഥാനത്തുടനീളം നടത്തുന്ന യാത്ര തൃശൂരിലെത്തിയപ്പോഴാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കാര്യം അമ്മ വ്യക്തമാക്കിയത്. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ സമരസമിതിയുമായി ചേർന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് അമ്മ വ്യക്തമാക്കിയിരുന്നു.

content highlights: Walayar girl’s mother says she is not afraid of CM Pinarayi Vijayan