ഇന്ത്യയിൽ ജനിതക മാറ്റം വന്ന കോവിഡ് ബാധിച്ചത് 400 പേർക്ക്; രണ്ട് ആഴ്ചക്കിടെ 158 പേര്‍ക്ക് വൈറസ്

രാജ്യത്ത് ജനിതക വകഭേദം സംഭവിച്ച കൊറോണ വൈറസ് ബാധിതരുടെ എണ്ണം 400 ആയി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 158 പേര്‍ക്കാണ് അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചതെന്നും കേന്ദ്ര ആരോഗ്യ സഹ മന്ത്രി അശ്വിനി ചൗബെ രാജ്യസഭയില്‍ അറിയിച്ചു. ഡിസംബര്‍ 29ന് ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ആറ് പേര്‍ക്കാണ് രാജ്യത്ത് ആദ്യമായി കോവിഡിന്റെ യു.ക വകഭേദം കണ്ടെത്തിയത്.

കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് കോവിഡ് കേസുകളില്‍ 43 ശതമാനത്തിന്റെ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് രണ്ടാം വ്യാപന തരങ്കത്തിന്റെ ലക്ഷണമാണെന്ന് ആരോഗ്യ മന്ത്രാലയം സൂചന നല്‍കിയിരുന്നു. മാര്‍ച്ച് നാലിന് അതിതീവ്ര വൈറസ് ബാധിതരുടെ എണ്ണം 242 ആയിരുന്നു. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ വൈറസ് വകഭേദങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

ഇവയ്ക്ക് സാധാരണ കൊറോണ വൈറസിനേക്കാള്‍ വ്യാപനശേഷി വളരെ കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തലുകള്‍ ഉദ്ധരിച്ച് അശ്വിനി ചൗബെ വ്യക്തമാക്കി. ആദ്യം കോവിഡ് വന്നുപോയവരില്‍ വീണ്ടും രോഗം പടര്‍ത്താനുള്ള ശേഷിയുമുണ്ട്. എന്നാല്‍ രാജ്യത്തെ കോവിഡ് ബാധിതരില്‍ ആര്‍ക്കെങ്കിലും പിന്നീട് അതിതീവ്ര വൈറസ് ബാധിച്ചതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

content highlights: 400 UK, Brazil, South Africa Virus Variant Cases In India, 158 In 2 Weeks