തലശ്ശേരിയിലും ദേവികുളത്തും എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളി. തലശ്ശേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ ഹരിദാസിന്റെ പത്രികയാണ് തള്ളിയത്. ചിഹ്നം അനുവദിക്കാൻ സംസ്ഥാന ഭാരവാഹിയെ ചുമതലപ്പെടുത്തിക്കൊണ്ട് ദേശീയ പ്രസിഡന്റ് നൽകുന്ന ഫോം എയിൽ ഒപ്പില്ലെന്ന കാരണത്താലാണു പത്രിക തള്ളിയത്. പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കും. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് എന്‍ ഹരിദാസ്. കണ്ണൂരില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് തലശ്ശേരി. ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രിക സ്വീകരിച്ചിരുന്നില്ല. ഇതോടെ തലശ്ശേരിയില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയില്ലാതായി. 2016-ല്‍ 22,125 വോട്ടാണ് ബിജെപിക്കായി മത്സരിച്ച വി.കെ.സജീവന്‍ നേടിയത്.
ഇടുക്കി ദേവികുളം മണ്ഡലത്തിലും നാലുപേരുടെ നാമനിർദേശ പത്രിക തള്ളി. എൻഡിഎയ്ക്കു വേണ്ടി മത്സരിക്കുന്ന എഐഎഡിഎംകെ സ്ഥാനാർഥി ധനലക്ഷ്മിയുടെയും ഡമ്മിയുടെയും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന പൊൻപാണ്ടി, ബിഎസ്പിയിൽ മത്സരിക്കുന്ന തങ്കച്ചൻ എന്നിവരുടെ പത്രികകളാണ് തള്ളിയത്. മലപ്പുറം കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ.പി.സുലൈമാൻ ഹാജി സമർപ്പിച്ച നാമനിർദേശപത്രികയുടെ പരിശോധന തർക്കങ്ങളെത്തുടർന്നു മാറ്റി. ജീവിതപങ്കാളി, സ്വത്ത് എന്നിവ സംബന്ധിച്ച വിവരങ്ങൾ മറച്ചുവച്ചെന്നാണ് ആരോപണം.
content highlights: NDA candidate’s nomination was rejected in Thalassery Constituency