ശബരിമല പ്രചാരണ വിഷയമല്ലെന്നും വൈകാരിക വിഷയമാണെന്നും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്ഗോപി. സുപ്രീം കോടതി വിധിയുടെ പേരില്‍ സര്‍ക്കാര്‍ നടത്തിയത് തോന്നിവാസമാണെന്നും സുരേഷ്ഗോപി അഭിപ്രായപ്പെട്ടു. ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം സുരേഷ് ഗോപി ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു.
‘ശബരിമല്ല പ്രചാരണ വിഷയമല്ല, അത് വികാര വിഷയമാണ്. ആ വികാരം പേറുന്നവരില്‍ ഹിന്ദുക്കളല്ല കൂടുതല്‍. എല്ലാവര്ക്കും ഒരു ഭയപ്പാടുണ്ട്. അത് കഴിഞ്ഞപ്പോള്‍ വിവിധ ക്രിസ്തീയ സഭകളില്‍ ആ ഭയപ്പാട് കണ്ടു. സുപ്രീം കോടതി എന്താണ് പറഞ്ഞതെന്നും അതിനെ മറികടന്ന് അതൊരു ആയുധമാക്കി എന്ത് തോന്നിവാസമാണ് കാണിച്ചതെന്നും എല്ലാവര്ക്കും അറിയാവുന്നതാണ്. ആ തോന്നിവാസികളെ വകവരുത്തണം. ജനാധിപത്യരീതിയില്‍ തന്നെ വകവരുത്തണം.’- സുരേഷ് ഗോപി പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ഞാനിങ്ങെടുക്കുകയാണെന്നായിരുന്നു സുരേഷ് ഗോപി പ്രചരണത്തിനിടെ പറഞ്ഞതെങ്കില്‍ ഇക്കുറി തൃശൂര്‍ എടുക്കുകയല്ല ജനങ്ങള്‍ തൃശൂര്‍ ഇങ്ങ് തരുമെന്നായിരുന്നു പറഞ്ഞത്. വിജയം ജനങ്ങള്‍ തരട്ടെയെന്നും അവകാശവാദങ്ങള്‍ പറയുന്നില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂരിന് ടൂറിസം സാധ്യതകള്‍ ഉണ്ടെന്നും ജയിച്ചാല്‍ അത്തരം പദ്ധതികള്‍ നടപ്പാക്കുമെന്നും സുരേഷ് ഗോപി എംപി വിശദീകരിച്ചു. ശബരിമല ജനങ്ങളുടെ വിഷയമാണെന്നും ബിജെപിയുടേയോ കോണ്‍ഗ്രസിന്റേയോ വിഷയമല്ലെന്നും മറ്റുളളവര്‍ക്ക് അതേക്കുറിച്ച് ചിന്തിക്കാന്‍ പോലും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlights: Suresh Gopi reacts to Sabarimala women entry issue