രാജ്യത്ത് കോവിഡ് സ്ഥിതി അതീവഗുരുതരമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

രാജ്യത്ത് കോവിഡ് വ്യാപനം വളരെ മോശം അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് ആരോഗ്യമന്ത്രലായം സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പുനൽകി. വൈറസ് ഇപ്പോഴും സജീവമാണെന്നാണ് സ്ഥിതി സൂചിപ്പിക്കുന്നത്. എപ്പോഴൊക്കെ വൈറസ് നിയന്ത്രണവിധേയമാണെന്ന് നിങ്ങൾ ചിന്തിക്കുന്നുവോ അപ്പോഴൊക്കെ അതു വീണ്ടും വ്യാപിക്കാൻ തുടങ്ങുമെന്ന് വാക്സീൻ കാര്യനിർവഹണവുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി ചെയർമാൻ വി.കെ. പോൾ അഭിപ്രായപ്പെട്ടു.

മരണനിരക്ക് ഇപ്പോൾ 73ൽ നിന്ന് 271 ആയി നിരക്ക് ഉയർന്നിരിക്കുന്നു. വൈറസിനെ ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. സമ്പർക്കപ്പട്ടിക കണ്ടെത്തുക, ക്വാറന്റീൻ, ഐസലേഷൻ എന്നിവയിലൂടെ അല്ലാതെ വൈറസിനെ പിടിച്ചുകെട്ടാനാകില്ല. അദ്ദേഹം പറഞ്ഞു. എന്നാൽ വൈറസിന്റെ ഇന്ത്യൻ വകഭേദം എന്നത് പോൾ നിഷേധിച്ചു. ജനിതക മാറ്റം വിരളമാണെന്നും അവ പ്രാധാന്യമർഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറസുകളിലെ വിദേശ ജനിതക വകഭേദവും കുറവാണ്. പത്ത് ദേശീയ ലബോറട്ടറികളിലായി 11,064 സാംപിളുകൾ പരിശോധിച്ചതിൽ 807 യുകെ വൈറസ് വകഭേദവും 47 ദക്ഷിണാഫ്രിക്കൻ വകഭേദവും ഒരു ബ്രസീലിയൻ വകഭേദവുമാണ് കണ്ടെത്തിയത്.

വേണ്ടവിധം പരിശോധന നടത്താത്തതും ഐസലേഷൻ നടപടിക്രമങ്ങൾ പാലിക്കാത്തതും കേസുകൾ കൂടാൻ കാരണമാണെന്ന് പോൾ അഭിപ്രായപ്പെട്ടു. പഞ്ചാബ് ആവശ്യത്തിന് പരിശോധന നടത്തുകയോ രോഗം ബാധിച്ചവരെ കൃത്യമായി ഐസലേഷനിൽ വിടുകയോ ചെയ്യുന്നില്ല. മഹാരാഷ്ട്രയിൽ നിലവിൽ 3.37 ലക്ഷം രോഗികളാണ് ഇപ്പോഴുള്ളത്. ഫെബ്രുവരിയിൽ 32 മരണങ്ങൾ ആയിരുന്നെങ്കിൽ ഇപ്പോൾ അത് 118 ആയി ഉയർന്നു. കർണാടകയിലും പരിശോധനയും ഐസലേഷനും കൂട്ടണമെന്നും അദ്ദേഹം പറഞ്ഞു.

പത്തു ജില്ലകളിലാണ് രോഗികൾ കൂടുതലുള്ളത് പുണെ (59,475), മുംബൈ (46,248), നാഗ്‌പുർ (45,322), താനെ (35,264), നാസിക് (26,553), ഔറംഗാബാദ് (21,282), ബെംഗളൂരു അർബൺ (16,259), നാംദേഡ്‌ (15,171), ഡൽഹി (8,032), അഹമ്മദ് നഗർ (7,952) എന്നിവയാണിത്. ഡൽഹിയെ ഒരു ജില്ലയായിട്ടാണ് കണക്കാക്കിയിരിക്കുന്നത്.

content highlights: Covid Situation Going “From Bad To Worse,” Says Government