ഇരട്ടവോട്ട് തടയുന്നതിനു തിരഞ്ഞെടുപ്പു കമ്മിഷൻ സമർപ്പിച്ച മാർഗരേഖ അംഗീകരിച്ച് ഹൈക്കോടതി ഉത്തരവ്. ജഇരട്ട വോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ 4,32,000ൽ പരം ഇരട്ട വോട്ടുകൾ കണ്ടെത്തിയിട്ടുണ്ടെന്നു ചൂണ്ടിക്കാണിച്ചാണ് ചെന്നിത്തല കോടതിയെ സമീപിച്ചത്. അടിയന്തരമായി പരിഗണിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം അഗീകരിച്ചായിരുന്നു കോടതി ഹർജി പരിഗണിച്ചത്.
ഹർജിയിൽ വസ്തുതയുണ്ടെന്നു തിരഞ്ഞെടുപ്പു കമ്മിഷനും അംഗീകരിച്ചതോടെ ഇരട്ട വോട്ടു തടയാൻ എന്തെല്ലാം ചെയ്യാമെന്ന് കമ്മിഷനോടു കോടതി നിർദേശങ്ങൾ ആരാഞ്ഞിരുന്നു. ഇതിനു മറുപടിയായി ഇരട്ട വോട്ടുള്ളവർ ബൂത്തിലെത്തുമ്പോൾ ഒരു വോട്ടുമാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്നു വ്യക്തമാക്കിക്കൊണ്ടുള്ള സത്യവാങ്മൂലം സമർപ്പിക്കണം. ഇരട്ട വോട്ടുള്ളവരുടെ ഫോട്ടോ എടുത്തു സൂക്ഷിക്കാം എന്നിങ്ങനെയുള്ള നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. ഇവയ്ക്കാണ് കോടതി അംഗീകാരം നൽകിയിരിക്കുന്നത്. വോട്ടെടുപ്പു സുഗമമാക്കാൻ ആവശ്യമെങ്കിൽ കേന്ദ്ര സേനയെ വിന്യസിക്കാം എന്ന നിർദേശവും കോടതി തിരഞ്ഞെടുപ്പു കമ്മിഷനോടു മുന്നോട്ടു വച്ചിട്ടുണ്ട്.
ഇതിനകം ബൂത്തുതല ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുള്ള 38,000 ഇരട്ട വോട്ടുള്ളവരുടെ വിവരങ്ങൾ ബന്ധപ്പെട്ട പോളിങ് ഓഫിസർമാർക്ക് കൈമാറണം. ഒരു വോട്ടിൽ അധികം ചെയ്യുന്ന സാഹചര്യമുണ്ടായാൽ കർശന നടപടിയെടുക്കണം. ജനാധിപത്യത്തിന്റെ പവിത്രത സൂക്ഷിക്കുന്നതാകണം തിരഞ്ഞെടുപ്പ് എന്നും കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കു പ്രകാരം 38,500 ഇരട്ട വോട്ടുകളാണ് കണ്ടെത്തിയിട്ടുള്ളത് എങ്കിൽ ഹർജിക്കാരന്റെ കണക്കിൽ 432000ൽ അധികം ഇരട്ട വോട്ടുകളുണ്ട്.
content highlights: High Court decision over twin vote