കോവിഡിൽ കൂപ്പുകുത്തി സെൻസെക്സ്, നിഫ്റ്റി; കനത്തനഷ്ടം

രാജ്യത്തെ കോവിഡ് കേസുകൾ അനിയന്ത്രിതമായി ഉയരുന്നതിനിടെ ഓഹരിവിപണിയില്‍ കനത്ത ഇടിവ്. വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്സ് 1,479 പോയിന്റ് ഇടിഞ്ഞ് 48,112.17ൽ വ്യാപാരം തുടരുകയാണ്. നിഫറ്റി 14,400ന് താഴേക്ക് കൂപ്പുകുത്തിയിരുന്നു. പത്തുമണിയോടെ സെൻസെക്‌സിലെ നഷ്ടം 1214 പോയന്റായി. നിഫ്റ്റി 360 പോയന്റും താഴ്ന്നു.

ബിഎസ്ഇയിലെ 1181 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 386 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 76 ഓഹരികൾക്ക് മാറ്റമില്ല. 24മണിക്കൂറിനിടെ കോവിഡ് കേസുകളുടെ എണ്ണം 1.69 ലക്ഷമായി ഉയർന്നതാണ് വിപണിയെ ബാധിച്ചത്.

ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, നെസ് ലെ, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്, ഏഷ്യൻ പെയിന്റ്‌സ്, ഐടിസി, ഭാരതി എയർടെൽ, റിലയൻസ്, എൽആൻഡ്ടി, ഒഎൻജിസി, പവർഗ്രിഡ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിൽ.

നിഫ്റ്റി ഐടി സൂചിക ഒഴികെയുള്ളവയെല്ലാം നഷ്ടത്തിലാണ്. പൊതുമേഖല ബാങ്ക് സൂചിക ഏഴുശതമാനമാണ് ഇടിഞ്ഞത്. ബിഎസ്ഇ മിഡ്ക്യാപ് നാലുശതമാനവും സ്‌മോൾ ക്യാപ് സൂചിക 3.5ശതമാനവും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

Content Highlights: Sensex Crashes Over 1,100 Points, Nifty Below 14,500 Dragged By Banks