തമിഴ് ചലച്ചിത്രതാരം വിവേക് അന്തരിച്ചു

തമിഴ് സിനിമാ താരം വിവേക് (59) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. സാമി, ശിവാജി, അന്യന്‍, ഖുഷി, റണ്‍, ഷാജഹാന്‍ തുടങ്ങി 220ലേറെ സിനിമകളില്‍ അഭിനയിച്ചു. അഞ്ചു തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരം ലഭിച്ചു. മൂന്ന് തവണ മികച്ച ഹാസ്യ നടനുള്ള ഫിലംഫെയര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2009ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

1961 നവംബര്‍ 19ന്‌ തൂത്തുക്കുടിയിലെ കോവില്‍പട്ടിയില്‍ ജനിച്ച വിവേക് 1980 കളിലാണ് സിനിമാ രംഗത്തേക്കെത്തിയത്. സംവിധായകന്‍ കെ ബാലചന്ദറിനൊപ്പം സഹസംവിധായകനും തിരക്കഥാകൃത്തുമായാണ് സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് അഭിനയ രംഗത്തും തിളങ്ങി. 1987ല്‍ പുറത്തിറങ്ങിയ ‘മാനതില്‍ ഉരുതി വേണ്ടും’ ആണ് ആദ്യ ചിത്രം. 1990കളില്‍ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായി. ബിഗള്‍, ധാരാള, പ്രഭു എന്നിവയാണ് അവസാനം അഭിനയിച്ച സിനിമകള്‍.

ടെലിവിഷന്‍ അവതാരകനായിരിക്കെ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം, രജനികാന്ത് തുടങ്ങിയ പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങള്‍ ശ്രദ്ധേയമായിരുന്നു.  വിവേക് വ്യാഴാഴ്ച ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി കോവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു. അതേസമയം ഹൃദയാഘാതമുണ്ടായതും കോവിഡ് വാക്സിനേഷനും തമ്മില്‍ ബന്ധമില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

content highlights: Vivek, Tamil film actor, dies in Chennai hospital