ചികിത്സക്കായി സിദ്ദീഖ് കാപ്പനെ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി

ഉത്തര്‍പ്രദേശ് പൊലീസ് യുഎപിഎ ചുമത്തി ജയിലില്‍ അടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ മഥുര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി നിര്‍ദേശം. കോവിഡ് ബാധിതനായ കാപ്പന്റെ ആരോഗ്യസ്ഥിതി തീരെ മോശമാണെന്നും മഥുര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചങ്ങലയില്‍ ബന്ധിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള കത്തിലാണ് കോടതിയുടെ ഉത്തരവ്. ഹേബിയസ് കോര്‍പസ് ഹര്‍ജിയും ജാമ്യപേക്ഷയും ചീഫ് ജസ്റ്റിസിന് ലഭിച്ച കത്തുകളും പരിഗണിക്കവെയാണ് പുതിയ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് യു.പി സര്‍ക്കാറിനോട് ചോദ്യം ഉന്നയിച്ചത്.

സിദ്ദീഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് എന്താണ് തടസമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചു. എല്ലാ മനുഷ്യരുടെ ജീവനും വിലയുണ്ടെന്ന് വ്യക്തമാക്കിയ കോടതി യു.പി സര്‍ക്കാര്‍ സമര്‍പ്പിച്ച വൈദ്യപരിശോധന റിപ്പോര്‍ട്ടില്‍ കാപ്പന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.

സിദ്ദീഖിന് രാം മനോഹര്‍ ലോഹിയ ആശുപത്രിയിലോ ഡല്‍ഹി എയിംസിലോ അല്ലെങ്കില്‍ ഡല്‍ഹിയിലെ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ ചികിത്സ നല്‍കണം. സുഖം പ്രാപിച്ച ശേഷം മഥുര ജയിലിലേക്ക് തിരിച്ചയക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കാപ്പന്റെ മോചനം ആവശ്യപ്പെട്ട് കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ് (കെയുഡബ്ലുജെ) സമര്‍പ്പിച്ച ഹേബിയസ് ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസുമാരായ സൂര്യ കാന്ത്, എ എസ് ബോപണ്ണ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദ്ദേശം.

അതേസമയം യുപി സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കാപ്പനെ ഡല്‍ഹിയിലേക്ക് മാറ്റുന്നതിനെ ശക്തമായി എതിര്‍ത്തു. ആയിരക്കണക്കിന് കോവിഡ് രോഗികള്‍ക്ക് ആശുപത്രി പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമ്പോള്‍ 42 വയസുള്ള കോവിഡ് നെഗറ്റീവായ വ്യക്തിക്ക് ആശുപത്രി കിടക്ക നല്‍കുന്നത് അനീതിയാണെന്ന് തുഷാര്‍ മേത്ത പറഞ്ഞു. ജയില്‍ അധികൃതര്‍ കാപ്പന് ആവശ്യമായ വൈദ്യസഹായം നല്‍കുമെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

Content Highlights: Shift journalist Kappan to a hospital in Delhi, Supreme Court tells Uttar Pradesh govt.