സ്വകാര്യ ആശുപത്രിയിൽ കിടക്ക ലഭിക്കാൻ മണിക്കൂറുകൾ കാത്തിരുന്ന മുൻ ഇന്ത്യൻ സ്ഥാനപതി അശോക് അമ്രോഹി കാറിനുള്ളിൽ ഹൃദയാഘാതം മൂലം മരിച്ചു. കഴിഞ്ഞ 27ന് ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിൽ 5 മണിക്കൂറോളമാണ് അമ്രോഹിയും കുടുംബാംഗങ്ങളും കാത്തിരുന്നത്. ബ്രൂണയ്, മൊസാംബിക്, അൾജീരിയ എന്നീ രാജ്യങ്ങളിൽ ഇന്ത്യൻ സ്ഥാനപതിയായി പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ചയാണ് അശോക് അമ്രോഹിക്ക് കൊവിഡ് ബാധിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ഭാര്യ യാമിനി പറയുന്നു. കോവിഡ് പരിശോധനയ്ക്ക് ഒന്നരമണിക്കൂറോളം കാത്തിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മകൻ ക്യൂവിൽ നിന്നെങ്കിലും നടപടികൾ വൈകി. പലവട്ടം കരഞ്ഞുപറഞ്ഞിട്ടും ആരും ശ്രദ്ധിച്ചില്ലെന്ന് യാമിനി ആരോപിച്ചു.
ഈ സമയമെല്ലാം കാറിൽ അവശനിലയിൽ ഇരിക്കുകയായിരുന്ന അമ്രോഹിക്ക് ഇടയ്ക്കെപ്പോഴോ ഓക്സിജൻ സിലിണ്ടർ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. ശ്വാസ തടസ്സം കാരണം മാസ്ക് വലിച്ചെറിഞ്ഞു. സംസാര തടസ്സവുമുണ്ടായി. അർധരാത്രിയോടെ കാറിനുള്ളിൽ തന്നെ മരിച്ചതായും യാമിനി പറഞ്ഞു.
Content Highlight: Former diplomat Ashok Amrohi died after waiting 5 hours in the hospital for treatment