പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായി ഉച്ചകോടിയിൽ പങ്കെടുക്കും

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായി ഉച്ചകോടിയിൽ പങ്കെടുക്കും. നാളെയും മറ്റന്നാളും ആയി ആണ് ഷാങ്ഹായി ഉച്ചകോടി. ഉസ്ബകിസ്ഥാനിൽ നടക്കുന്ന എസ് സി ഒ യോഗത്തിൽ ചൈനീസ് പ്രസിഡന്റുമായി മോദി കൂടിക്കാഴ്ച നടത്തിയേക്കും. ഈ സാഹചര്യത്തിൽ ആയിരുന്നു ഗോഗ്ര ഹോട്ട് സ്പിപ്രിങ്സിൽ നിന്നുള്ള ഇന്ത്യ ചൈന സംയുക്തസേന പിന്മാറ്റം.

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ, ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷാവ്കത്ത് മിർസിയോയേവ് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. സംഘടനയിൽ അടുത്തകാലത്ത് അംഗത്വം ലഭിച്ച ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുമായും മോദി കൂടിക്കാഴ്ച നടത്തിയേക്കും

നേരത്തെ, ഗോഗ്ര ഹോട് സ്പ്രിംങ്സ് മേഖലയിൽ നിന്ന് സൈന്യങ്ങൾ പിൻമാറി തുടങ്ങിയെന്ന് ഇരു രാജ്യങ്ങളും പ്രസ്താവനയിൽ അറിയിച്ചിരുന്നു. പിൻമാറ്റം സാവധാനത്തിൽ, വ്യക്തമായ ആസൂത്രണത്തിന്‍റെ അടിസ്ഥാനത്തിലാകുമെന്നായിരുന്നു ഇരു രാജ്യങ്ങളും പുറത്തിറക്കിയ പ്രസ്താവനയിൽ ഉണ്ടായിരുന്നത്. കോർ കമാൻഡർമാരുടെ പതിനാറാമത് യോഗത്തിന് പിന്നാലെയാണ് പിന്മാറ്റം തുടങ്ങിയത്. അതിർത്തിയിൽ നിന്നുള്ള പിൻമാറ്റം വീണ്ടും തുടങ്ങണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ചൈന വഴങ്ങുകയായിരുന്നു. നേരത്തെ, ഇന്ത്യ പല തവണ നിർദ്ദേശം മുന്നോട്ട് വച്ചെങ്കിലും ഗോഗ്രയിൽ നിന്ന് പിൻമാറാൻ ചൈന തയ്യാറായിരുന്നില്ല. പാങ്കോംഗ് തടാക തീരത്ത് നിന്ന് പിൻമാറിയ ശേഷം ഇരു രാജ്യങ്ങൾക്കുമിടയിലെ ഒത്തുതീർപ്പ് നീക്കങ്ങൾ നിലച്ചിരുന്നു.