കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും: നിലപാടിൽ ഉറച്ച് ശശി തരൂർ

Congress gears up for Assembly polls: Shashi Tharoor appointed important role

പട്ടാമ്പി: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂര്‍ എംപി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തനിക്ക് പിന്തുണയുണ്ടെന്നും വെള്ളിയാഴ്ച നാമനിർദേശപത്രിക സമർപ്പിക്കുമെന്നും തരൂർ അറിയിച്ചു. രാഹുല്‍ ഗാന്ധിയുമായി ഫോണിൽ സംസാരിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് പട്ടാമ്പിയിൽ വന്നത്. തനിക്ക് നെഹ്റു കുടുംബത്തിന്‍റെ പിന്തുണയുണ്ട്. രാജ്യത്ത് ഭൂരിഭാഗം പേരും തന്നെ പിന്തുണക്കും. കേരളത്തിലെ ചിലരുടയും പിന്തുണ ലഭിക്കും. രാജസ്ഥാൻ വിഷയത്തിൽ പ്രതികരണത്തിനില്ലെന്നും തരൂര്‍ വ്യക്തമാക്കി.

ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് തരൂര്‍ പട്ടാമ്പിയിലെത്തിയത്. ശശി തരൂർ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയുൾപ്പെടെ രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്തെന്നാണു സൂചന. പട്ടാമ്പിയിലെ വിശ്രമകേന്ദ്രത്തിലായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ തരൂരിനെ പിന്തുണക്കുന്ന കാര്യം ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടില്ല. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ശശി തരൂരും മാത്രമായിരുന്നു മത്സരത്തിന് പരസ്യമായി രംഗത്തുണ്ടായിരുന്നത്. രാജസ്ഥാന്‍ വിഷയത്തോടെ ഗെലോട്ടിന്‍റെ കാര്യം അനിശ്ചിതത്വത്തിലായി.

മുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റിനെ അംഗീകരിക്കില്ലെന്ന് അശോക് ഗെലോട്ട് പക്ഷക്കാരായ എംഎൽഎമാർ നിലപാടെടുത്തതോടെ രാജസ്ഥാനിൽ പ്രതിസന്ധി രൂക്ഷമായി. അതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ഗെലോട്ടിനെ വേണ്ടെന്ന് കോണ്‍ഗ്രസിലെ ഒരുവിഭാഗവും ആവശ്യപ്പെട്ടു. ഗെലോട്ടിനെ മുഖ്യമന്ത്രിപദത്തിൽ തുടരാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ ഭൂരിഭാഗം പേർ നിർദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് രാജസ്ഥാന്‍ എംഎൽഎമാരുടെ ആവശ്യം.