ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ എംപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇന്ത്യയുടെ ഭൂപടത്തില്‍ ഗുരുതര പിഴവ് എന്ന് റിപ്പോര്‍ട്ട്. തരൂരിന്റെ പ്രകടനപത്രികയില്‍ നിന്ന് ജമ്മു കശ്മീരിന്റെ ഒരു ഭാഗം ഇല്ലെന്നാണ് പ്രകടനപത്രികയുടെ ചിത്രം വ്യക്തമാക്കുന്നത്.
അതേ സമയം കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചതോടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരചിത്രം വ്യക്തമായിട്ടുണ്ട്. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ, ശശി തരൂര്‍ എംപി, ജാര്‍ഖണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ.എന്‍.ത്രിപാഠി എന്നിവരാണ് ഇപ്പോള്‍ മത്സര രംഗത്ത് ഉള്ളത്.
തിരുവനന്തപുരം എംപിയായ ശശി തരൂരാണ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഖാര്‍ഗ്ഗേയുടെ പ്രധാന എതിരാളി. ഇന്ന് രാവിലെ എഐസിസി ആസ്ഥാനത്ത് എത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശശി തരൂര്‍ പിന്നാലെ പ്രചാരണ പത്രികയും പുറത്തിറക്കിയിരുന്നു. ഈ പ്രകടന പത്രികയിലാണ് ഇപ്പോള്‍ പ്രശ്നം കണ്ടെത്തിയത്.
കോണ്‍ഗ്രസിനെ കുറിച്ച് തനിക്കൊരു കാഴ്ചപ്പാട് ഉണ്ട് , അത് വിശദീകരിക്കുന്ന പ്രകടനപത്രികയാണ് ഇന്ന് പുറത്തിറക്കിയിട്ടുണ്ട്. പാര്‍ട്ടിയെ നവീകരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പദ്ധതികള്‍ എല്ലാം ഇതില്‍ വിശദീകരിക്കുന്നുണ്ട്. എന്റെ ശബ്ദം ഒരാളുടെ ശബ്ദമല്ല, പാര്‍ട്ടി തിരഞ്ഞെടുപ്പുകള്‍ മത്സരിക്കുന്ന ഒരു യന്ത്രം മാത്രമല്ല. ജനങ്ങളെ സേവിക്കേണ്ട ഉത്തരവാദിത്തം കൂടി പാര്‍ട്ടിക്കുണ്ടെന്ന് ശശി തരൂര്‍ പ്രകടനപത്രിക നല്കിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.