ഭോപ്പാല്‍ : ആഫ്രിക്കന്‍ രാജ്യമായ നമീബിയയില്‍ നിന്ന് രാജ്യത്തെത്തിച്ച ചീറ്റപ്പുലികളില്‍ ഒന്ന് ഗര്‍ഭിണിയെന്ന് സംശയം. മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ച ആശ എന്ന ചീറ്റപ്പുലിയാണ് ഗര്‍ഭം ധരിച്ചത് എന്നാണ് വിവരം. ഗര്‍ഭാവസ്ഥയുടെ എല്ലാ ലക്ഷണങ്ങളും ഹോര്‍മോണ്‍ അടയാളും ചീറ്റയില്‍ പ്രകടമാകുന്നുണ്ട്.
ഇത് സ്ഥിരീകരിച്ചാല്‍, ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യയില്‍ ജനിക്കാന്‍ പോകുന്ന ആദ്യ ചീറ്റപ്പുലിയായിരിക്കും ഇത്. ഒക്ടോബര്‍ അവസാനത്തോടെ മാത്രമേ ഇത് സ്ഥിരീകരിക്കാനാകൂ എന്നാണ് വിവരം. അതിനാല്‍ ഇവയെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള നീക്കത്തിലാണ് ഉദ്യാനത്തിലെ ജീവനക്കാര്‍.ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചാല്‍ ചീറ്റപ്പുലിക്ക് ദേശീയോദ്യാനത്തില്‍ പ്രത്യേക കരുതലും സംരക്ഷണവുമൊരുക്കും. ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ട് (സിസിഎഫ്) എക്സിക്യൂട്ടീവ് ഡയറക്ടര്‍ മാര്‍ക്കറാണ് ഇക്കാര്യം അറിയിച്ചത്.
ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിലാണ് എട്ട് ചീറ്റപ്പുലികളെ രാജ്യത്തെത്തിച്ചത്. അഞ്ച് പെണ് ചീറ്റകളേയും മൂന്ന് ആണ് ചീറ്റകളേയും പ്രത്യേകം വിമാനം സജ്ജീകരിച്ച് രാജ്യത്തെത്തിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് നീക്കം.