ഖാര്‍ഗെയ്ക്ക് പരസ്യ പിന്തുണ: സുധാകരൻ്റെ നടപടിയിൽ തരൂരിന് അതൃപ്തി

Shashi Tharoor says that covaxin should not be allowed in India

തിരുവനന്തപുരം: എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജ്ജുന ഖാർഗെക്ക് കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ പരസ്യപിന്തുണ പ്രഖ്യാപിച്ചതിൽ സ്ഥാനാർ‍ത്ഥിയായ ശശി തരൂരിന് കടുത്ത അതൃപ്തി. മുതിർന്നവരുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്നും യുവാക്കളിലാണ് പ്രതീക്ഷയെന്നും കേരളത്തിൽ പര്യടനത്തിനായെത്തിയ തരൂർ പറഞ്ഞു. അതേ സമയം പിസിസി അധ്യക്ഷന്മാർ പരസ്യനിലപാട് എടുക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി മാർഗ്ഗ നിർദ്ദേശം വരും മുമ്പാണ് കെ.സുധാകരൻറെ പ്രസ്താവനയെന്നാണ് കെപിസിസി വിശദീകരണം.

കേരളത്തിൽ വോട്ടുറപ്പിക്കാൻ തരൂർ എത്തുമ്പോഴാണ് സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ കൂട്ടത്തോടെ ഖാർഗെക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്. ആദ്യം തരൂരിന് മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത കെപിസിസി അധ്യക്ഷൻറെ നിലപാട് മാറ്റമാണ് വലിയ വിവാദമായത്. ഹൈക്കമാൻഡ് ഇടപടെലാണ് പിന്നിലെന്ന് തരൂരിനെ അനുകൂലിക്കുന്നവർ കരുതുന്നു. എഐസിസിക്ക് ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്ന് പറയുമ്പോഴും പാ‍ര്‍ട്ടി ദേശീയ നേതൃത്വം ഖാർഗെക്കായി സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് വിലയിരുത്തൽ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷൻ്റെ മാർഗ്ഗ നിർദ്ദേശം തെറ്റിച്ചുള്ള സുധാകരൻറെ പരസ്യനിലപാടിൽ തരൂരിന് അതൃപ്തിയുണ്ട്.

മാർഗ്ഗനിർദ്ദേശത്തിന് മുമ്പാണ് കെ.സുധാകരൻ പ്രസ്താവന ഇറക്കിയതെന്നാണ് കെപിസിസി മറുപടി. അങ്ങിനെ എങ്കിൽ മാർഗ്ഗ നിർദ്ദേശം വന്ന സാഹചര്യത്തിൽ സുധാകരൻ നിഷ്പക്ഷ സമീപനമാണെന്ന് തിരുത്തിപ്പറയേണ്ടേ എന്ന് തരൂർ അനുകൂലികൾ ചോദിക്കുന്നു.