വടക്കഞ്ചേരി അപകടം: സമഗ്രമായ അന്വേഷണം നടത്തുമെന്ന് മന്ത്രി ആന്റണി രാജു

പാലക്കാട്: വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെഎസ്‌ആര്‍ടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മന്ത്രി ആന്റണി രാജു.

മറ്റൊരു കാറിനെ മറികടക്കാന്‍ ടൂറിസ്റ്റ് ബസ് ശ്രമിക്കുമ്ബോഴാണ് അപകടമുണ്ടായത്. സ്‌കൂളുകള്‍ വിനോദ യാത്രയുടെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.

ടൂറിസ്റ്റ് ബസുകള്‍ വാടകയ്ക്ക് എടുക്കുമ്ബോള്‍ സ്‌കൂള്‍ ഡ്രൈവര്‍മാരുടെ പശ്ചാത്തലം നോക്കാറില്ല. ഇത് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. ഡ്രൈവര്‍മാരുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന് നിര്‍ദേശം നല്‍കും. ഡ്രൈവര്‍മാരുടെ എക്‌സ്പീരിയന്‍സ് അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കും. വടക്കഞ്ചേരി അപകടത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

ഇന്നലെ രാത്രി 12 മണിയോടെയുണ്ടായ അപകടത്തില്‍ മരിച്ച ഒമ്ബത് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അഞ്ച് വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനും മൂന്ന് പേര്‍ കെഎസ്‌ആര്‍ടിസി യാത്രക്കാരുമാണ്. എല്‍ന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അഞ്ജന അജിത് (16), അധ്യാപകനായ വിഷ്ണു(33) എന്നിവരും കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്തിരുന്ന ഇമ്മാനുവല്‍ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്.