കൊച്ചി: രണ്ട് സ്ത്രീകളെ നരബലി നൽകിയ സംഭവത്തിൽ വൻ സാമ്പത്തിക ഇടപാടും നടന്നു . നരബലിക്ക് കൂലിയായി തീരുമാനിച്ചത് ഒന്നരലക്ഷം രൂപ. കൊല്ലപ്പെട്ട പദ്മത്തെ എത്തിക്കാനായി ഏജന്റ് മുഹമ്മദ് ഷാഫിക്ക് വാഗ്ദാനം ചെയ്തത് ഒന്നരലക്ഷം രൂപയാണ് . 15,000 രൂപ മുഹമ്മദ് ഷാഫി മുൻകൂർ വാങ്ങി. സിദ്ധൻ എന്ന് പരിചയപ്പെടുത്തിയതിനാൽ കൂടുതൽ തുക ആവശ്യപ്പെടാൻ സാധിച്ചില്ലെന്ന് മുഹമ്മദ് ഷാഫി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്
അതേസമയം റോസിലിയെ എത്തിച്ചത് എത്ര രൂപ വാങ്ങിയാണെന്നു ഷാഫി വ്യക്തമാക്കിയില്ല. ശ്രീദേവി എന്ന വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയത് ഭാര്യയുടെ ഫോണിൽ ആണെന്നും വൈദ്യൻ എന്ന് പ്രൊഫൈലിൽ രേഖപ്പെടുത്തിയെന്നും മുഹമ്മദ് ഷാഫി മൊഴി നൽകി.ഇങ്ങനെയാണ് ഭഗവൽ സിങ്ങിനെ പരിചയപ്പെട്ടത്. അടുപ്പം സ്ഥാപിച്ചതിനു ശേഷം ശ്രീദേവി എന്ന പ്രൊഫൈൽ നീക്കം ചെയ്തുവെന്നും ഷാഫി പൊലീസിനോട് പറഞ്ഞു. ശ്രീദേവി എന്ന പ്രൊഫൈൽ വീണ്ടെടുക്കാൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്
മുഹമ്മദ് ഷാഫിക്കെതിരെ ഇതുവരെ കണ്ടെത്തിയത് 8 കേസുകൾ ആണ്. ഇടുക്കി വെള്ളത്തൂവൽ സ്റ്റേഷനിൽ ഉൾപ്പെടെയാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പുത്തൻകുരിശ് പൊലീസ് എടുത്ത ബലാത്സംഗ കേസാണ് ഏക ക്രിമിനൽ കേസ്. കൊച്ചി നഗരത്തിലെ അനാശാസ്യ പ്രവർത്തനങ്ങളുടെ ഇടനിലക്കാരനായും മുഹമ്മദ് ഷാഫി പ്രവർത്തിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.