തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് പരിശോധനയ്ക്കയച്ച പേവിഷബാധ പ്രതിരോധ വാക്സീൻ ഗുണനിലവാരമുള്ളതെന്ന് സാക്ഷ്യപ്പെടുത്തി കേന്ദ്ര ഡ്രഗ്സ് ലാബ്. ആന്റി റാബീസ് വാക്സീൻ ഗുണനിലവാരമുള്ളതാണെന്ന് നേരത്തെ കസോളിയിലെ കേന്ദ്ര ഡ്രഗ്സ് ലാബ് സർട്ടിഫൈ ചെയ്തിരുന്നു. എന്നാൽ വാക്സീനെടുത്ത ചിലരിൽ പേവിഷബാധ മരണം ഉണ്ടായ സാഹചര്യത്തിൽ പൊതുആശങ്ക പരിഹരിക്കുന്നതിനായാണ് വീണ്ടും പരിശോധനയ്ക്കയച്ചത്.
ഈ വാക്സീനാണ് കേന്ദ്ര ഡ്രഗ്സ് ലാബ് ഗുണനിലവാരമുള്ളതെന്ന് സർട്ടിഫൈ ചെയ്തത്. കേന്ദ്ര ലാബിലേയ്ക്കയച്ച ഇമ്മുണോഗ്ലോബുലിനും ഗുണനിലവാരമുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആശങ്കകൾ അവസാനിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. സംസ്ഥാനത്തെ പേവിഷബാധ പ്രതിരോധ വാക്സീനെ പറ്റി ആശങ്കയുണ്ടായ സാഹചര്യത്തിൽ വാക്സീൻ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ് കത്തെഴുതിയിരുന്നു.
വാക്‌സീൻ സ്വീകരിച്ച 5 പേർ മരിച്ച സാഹചര്യത്തിലായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് രണ്ട് ബാച്ച് ഇമ്മ്യൂണോഗ്ലോബുലിനും ഒരു ബാച്ച് ആന്റി റാബീസ് വാക്സീനുമാണ് കേന്ദ്ര ഡ്രഗ്സ് ലബോറട്ടറിയിൽ പരിശോധനയ്ക്കായി അയച്ചത്. പരിശോധനയ്ക്ക് അയച്ചതിന് പിന്നാലെ ഈ ബാച്ചുകളിൽ പെട്ട വാക്‌സീൽ വിതരണം ചെയ്യരുതെന്ന് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നിർദേശിച്ചിരുന്നു.