കേരളത്തില്‍ വമ്പന്‍ കുതിപ്പ് ലക്ഷ്യം; സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി ബിജെപി

തിരുവനന്തപുരം: സിനിമ താരവും മുന്‍ എംപിയുമായ സുരേഷ് ഗോപിയെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. പതിവ് നടപടികള്‍ മറികടന്നാണ് താരത്തിന് ഔദ്യോഗിക ചുമതല നല്‍കിയിട്ടുള്ളത്.  പ്രസിഡന്‍റും മുൻ പ്രസിഡന്‍റുമാരും ജനറൽ സെക്രെട്ടറിമാരും മാത്രം കോർ കമ്മിറ്റിയിൽ വരുന്നതായിരുന്ന പാര്‍ട്ടിയിലെ പതിവ് രീതി. താരത്തെ ഉള്‍പ്പെടുത്തിയത് കേന്ദ്ര നിർദേശ പ്രകാരമാണ്. പലപ്പോഴും പാര്‍ട്ടി ചുമതലയേറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോഴും തന്‍റെ തൊഴില്‍ അഭിനയമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു സുരേഷ് ഗോപി.

താരത്തെ മുന്‍ നിര്‍ത്തി കേരളത്തില്‍ കരുത്ത് കൂട്ടണമെന്നുള്ളത് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ ഏറെ നാളായുള്ള ആഗ്രഹമാണ്. അതിന് തടസം നിന്നിരുന്നത് ഇത്രയും കാലം അദ്ദേഹം തന്നെയായിരുന്നു. സിനിമയില്‍ തിരക്കാണെന്ന് പറഞ്ഞു കൊണ്ട് സുരേഷ് ഗോപി ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു. എന്നാല്‍, നിര്‍ബന്ധമായും സുരേഷ് ഗോപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടണമെന്നുള്ള നിര്‍ദേശം കേന്ദ്രം നല്‍കുകയായിരുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചത് നിര്‍ണായകമായി. സുരേഷ് ഗോപിക്ക് സുരേന്ദ്രന്‍റെ വലിയ പിന്തുണ കൂടെയുണ്ട്. സാധാരണ നിലയില്‍ പ്രസിഡന്‍റ്, മുന്‍ പ്രസിഡന്‍റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി തുടങ്ങി സുപ്രധാന നേതൃത്വങ്ങളാണ് കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടാറുള്ളത്. സംസ്ഥാനത്തെ പാര്‍ട്ടിയുടെ ഏറ്റവും പരമോന്നത ബോഡിയാണ് കോര്‍ കമ്മിറ്റി.