ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്ക് ഇന്ന് നിർണായക ദിവസം. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷ തള്ളിയാൽ എംഎൽഎയുടെ അറസ്റ്റിലേക്ക് നീങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. കഴിഞ്ഞ നാലു ദിവസമായി എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ ഒളിവിൽ തുടരുകയാണ്. ഒരു എംഎൽഎ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുന്നത് കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ ഇത് അപൂർവമാണ്.
പറവൂർ സ്വദേശിയും തിരുവനന്തപുരം പേട്ടയിൽ താമസിക്കുകയും ചെയ്യുന്ന യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയാണ് പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെയുള്ളത്. ബലാത്സംഗം എന്ന ഗുരുതര കുറ്റം ചുമത്തിയിട്ടുണ്ടെന്നും എംഎൽഎയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിക്കും. ജൂലൈ മുതൽ പലപ്പോഴായി പീഡിപ്പിച്ചതിന് തെളിവുണ്ടെന്നും പരാതി നൽകിയ ശേഷം പലതരത്തിൽ ഭീഷണിപ്പെടുത്തിയതിനാൽ ജാമ്യം നൽകുന്നത് പരാതിക്കാരിയുടെ ജീവൻപോലും അപകടത്തിലാക്കുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.
എന്നാൽ പണം തട്ടാനായി കെട്ടിച്ചമച്ച കേസാണെന്നാണ് എൽദോസിന്റെ മറുവാദം. പരാതിക്കാരിയുടെ പശ്ചാത്തലവും ഇതിന്റെ ഭാഗമായി ഉയർത്തിക്കാട്ടുന്നുണ്ട്. കോടതി ജാമ്യാപേക്ഷ തള്ളുകയോ അറസ്റ്റ് തടയാതിരിക്കുകയോ ചെയ്താൽ എൽദോസിനെ കസ്റ്റഡിയിലെടുക്കാനാകും അന്വേഷണ സംഘം ശ്രമിക്കുക. എംഎൽഎയുടെ ഒളിത്താവളം കണ്ടെത്താൻ ഫോൺ കേന്ദ്രീകരിച്ചുള്ള പരിശോധന അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്.