എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം: സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതില്‍ പ്രതിഷേധം

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി സെക്രട്ടറിയെട്ടിന്‍്റെ മുന്‍പില്‍ സമരം തുടരവേ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതില്‍ പ്രതിഷേധം.

ചൊവ്വാഴ്ച ആരോഗ്യ മന്ത്രിയുടെ വീട്ടിലേക്ക് എന്‍ഡോ സള്‍ഫാന്‍ സമരസമിതി മാര്‍ച്ച്‌ നടത്തും. കാസര്‍കോട്‌ ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വിദഗ്ധ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റ് പടിക്കല്‍ സാമൂഹ്യ പ്രവര്‍ത്തകയായ ദയാബായി എന്ന മേഴ്സി മാത്യു അനിശ്ചതകാല നിരാഹാര സമരം കിടക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി പരിചരണ കേന്ദ്രങ്ങള്‍ ആരംഭിക്കുക, മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുക, എയിംസ് പദ്ധതിയില്‍ കാസര്‍കോട് ജില്ലയെ കൂടി ഉള്‍പ്പെടുത്തുക. തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

2017 ല്‍ ആണ് അവസാനമായി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് വേണ്ടി മെഡിക്കല്‍ ക്യാമ്ബ് നടത്തിയതെന്നും അന്നത്തെ സര്‍ക്കാരിന്‍റെ ഉത്തരവ് അനുസരിച്ച്‌ എല്ലാ കൊല്ലവും മെഡിക്കല്‍ ക്യാമ്ബ് നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഇത് ഉണ്ടായില്ലെന്നും ദയാബായി പറയുന്നു. ഇതിനാല്‍ 2017-ന് ശേഷം ജനിച്ച കുട്ടികള്‍ ആരും തന്നെ സര്‍ക്കാറിന്‍റെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അതിനാല്‍ അവര്‍ക്ക് യാതൊരുവിധ ആനുകൂല്യങ്ങളും കിട്ടില്ലെന്നും ദയാബായി പറയുന്നു. സര്‍ക്കാര്‍ അടിയന്തിരമായി ഇടപ്പെട്ട് മെഡിക്കല്‍ ക്യാമ്ബുകള്‍ നടത്തണം, എയിംസ് സാധ്യത പട്ടകയില്‍ കാസര്‍ഗോഡിനെ കൂടി ഉള്‍പ്പെടുത്തണം, കൂടാതെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോടുള്ള സര്‍ക്കാരിന്‍റെ നിഷേധാത്മക നിലപാട് ഉപേക്ഷിക്കണമെന്നും ദയാബായി കൂട്ടിചേര്‍ത്തു.