സിപിഐ ദേശീയ കൗൺസിലിലേക്ക് കേരളത്തിൽ നിന്ന് എട്ട് പുതുമുഖങ്ങൾ. മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവരെ ദേശീയ കൗൺസിലിലേക്ക് ഉൾപ്പെടുത്തി. മുതിർന്ന നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, സി എൻ ജയദേവൻ എന്നിവർ ഒഴിഞ്ഞു. 6 പേർ ഒഴിഞ്ഞ്, 8 പുതുമുഖങ്ങൾ വരുന്നതോടെ കേരളത്തിൽ നിന്ന് ദേശീയ കൗൺസിലിലേക്കുള്ള അംഗങ്ങളുടെ എണ്ണം 11 ൽ നിന്നും 13 ആയി വർധിച്ചു.
സത്യൻ മൊകേരി കൺട്രോൾ കമ്മിഷൻ അംഗമാകും. ആറ് പേരാണ് ദേശീയ കൗൺസിലിൽ നിന്ന് ഒഴിയുന്നത്. പന്ന്യൻ രവീന്ദ്രൻ, എൻ അനിരുദ്ധൻ, ടി വി ബാലൻ, കെ ഇ ഇസ്മായിൽ, സി എൻ ജയദേവൻ, എൻ രാജൻ എന്നിവരാണ് കൗൺസിലിൽ നിന്നും ഒഴിയുന്നത്. അതേസമയം സിപിഐ 24ാം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും.
ദേശീയ സംസ്ഥാന ഭാരവാഹികൾക്ക് 75 വയസ്സെന്ന പ്രായപരിധി ഏകീകരിച്ചു കൊണ്ടാണ് ഭരണഘടന കമ്മിഷൻ പാർട്ടി കോൺഗ്രസിൽ റിപ്പോർട്ട് സമർപ്പിച്ചത്. അസിസ്റ്റൻറ് സെക്രട്ടറിമാരുടെ പ്രായപരിധി 50 65 എന്നുള്ള മാർഗനിർദേശം തള്ളി. പ്രായപരിധി 80 വയസ്സെന്ന നിർദേശമടക്കം കമ്മിഷന് മുന്നിൽ ഉയർന്നുവന്നെങ്കിലും തള്ളി.