ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാർനാഥ്, ബദ്രിനാഥ്, സന്ദർശനം ഇന്ന്. 3400 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിയ്ക്കും. രാവിലെ കേദാർനാഥ ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി അവിടെ പൂജകൾ നടത്തും. കേദാർനാഥ് റോപ്പ് വേ പദ്ധതിയ്ക്കും അദ്ദേഹം തുടക്കമിടും. അതിന് ശേഷം ആകും ബദ്രിനാഥ് സന്ദർശനം.
അതേസമയം, 75,000 യുവാക്കൾക്ക് ദീപാവലിക്ക് മുൻപായി നിയമനത്തിനുള്ള കത്ത് നൽകുമെന്ന് പ്രധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതിരോധ, റെയിൽവേ, ആഭ്യന്തര, തൊഴിൽ, വകുപ്പുകളിലേക്കും കേന്ദ്ര ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, സി.ബി.ഐ, കസ്റ്റംസ്, ബാങ്കിങ് എന്നിവയിലേക്കുമാണ് നിയമനം.
തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. പിന്നാലെ 18 മാസത്തിനുള്ളിൽ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഈ വർഷം ജൂണിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ദീപാവലിക്ക് മുൻപായി റാങ്ക് ലിസ്റ്റിലുള്ളവരുമായി പ്രധാനമന്ത്രി വിഡിയോ കോൺഫ്രൻസിലൂടെ സംവദിക്കും. ഈ യോഗത്തിലായിരിക്കും നിയമന ഉത്തരവ് കൈമാറുക. രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്നായി കേന്ദ്രമന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കും.