മർക്കസ് കാലവസ്ഥാ ഉച്ചകോടിയിലെ വനിതാ പങ്കാളിത്തം; വിശദീകരണം തേടി കാന്തപുരം എ.പി വിഭാഗം

സമസ്ത എ.പി വിഭാഗത്തിനു കീഴിലുള്ള കോഴിക്കോട് കൈതപ്പൊയിലിലെ മർക്കസ് നോളജ് സിറ്റിയിൽ സംഘടിപ്പിച്ച പരിപാടിയിലെ വനിതാ പങ്കാളിത്തത്തിൽ വിശദീകരണം തേടി എ.പി സുന്നി വിഭാഗം. കാലാവസ്ഥാ ഉച്ചകോടിയിൽ വിദേശ വനിതകൾ അടക്കം പങ്കെടുത്ത സംഭവത്തിലാണ് സംഘാടകരിൽ നിന്ന് വിശദീകരണം ചോദിച്ചത്. സ്ത്രീകൾ പുരുഷന്മാരുമൊത്ത് പൊതുവേദി പങ്കിടരുതെന്ന നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ.സുലൈമാൻ മുസ്ലിയാർ പ്രസ്താവനയിൽ പറഞ്ഞു. വനിതാ പങ്കാളിത്തത്തിൽ ഒരു വിഭാഗം എതിർപ്പ് അറിയിച്ചതോടെയാണ് വിശദീകരണം തേടിയത്. മൂന്ന് ദിവസം നീണ്ടു നിന്ന കാലവസ്ഥാ ഉച്ചകോടിയിൽ ശാസ്ത്രജ്ഞരും ഗവേഷകരുമുൾപ്പെടെ 40 രാജ്യങ്ങളിൽനിന്നുള്ള 200ലേറെ പ്രതിനിധികളാണ് പങ്കെടുത്തത്.

സ്ത്രീകളുടെ പൊതുവേദികളിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ കണിശമായി പിന്തുടരുന്ന വിഭാഗമാണ് സമസ്ത ഗ്രൂപ്പുകൾ. അവർ നിയന്ത്രിക്കുന്ന പള്ളികളിൽ സ്ത്രീകൾ വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരത്തിൽ പങ്കെടുക്കാറില്ല. സ്ത്രീകളുടെ മാത്രമായ പരിപാടികളിലാണ് വനിതാ പ്രഭാഷകർ പ്രസംഗിക്കാറുള്ളത്. എന്നാൽ മർകസ് നോളജ് സിറ്റിയിലെ പരിപാടിയിൽ വേദിയിലും സദസിലും പുരുഷൻമാരോടൊപ്പം തന്നെയാണ് സ്ത്രീകൾ പങ്കെടുത്തത്.

താമരശ്ശേരി കൈതപ്പൊയിലിൽ സ്ഥിതി ചെയ്യുന്ന മർക്കസ് നോളജ് സിറ്റിയിൽ ഒക്ടോബർ 17-19 തിയ്യതികളായിരുന്നു ഉച്ചകോടി. ശാസ്ത്രജ്ഞരും ഗവേഷകരുമുൾപ്പെടെ 40 രാഷ്ട്രങ്ങളിൽനിന്നുള്ള 200ലേറെ പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. ഈജിപ്തിലെ കെയ്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗുമായി സഹകരിച്ചാണ് മർക്കസിന്റെ ആഭിമുഖ്യത്തിൽ പരിപാടി നടന്നത്. ഇതാദ്യമായാണ് ഒരു അറബ് ഇതര രാഷ്ട്രം ഉച്ചകോടിക്ക് വേദിയായത്. ‘കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിൽ അന്താരാഷ്ട്ര പങ്കാളിത്തം’ എന്നതായിരുന്നു ഉച്ചകോടിയുടെ പ്രമേയം.