രാജസ്ഥാന്‍: ജയ്പൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ജ്യോതിഷത്തിന്റെ സഹായത്തോടെ രോഗം നിര്‍ണ്ണയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പിങ്ക് സിറ്റിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സംഗീത മെമ്മോറിയല്‍ ആശുപത്രിയിലാണ് രോഗം നിര്‍ണ്ണയിക്കാനും രോഗികള്‍ക്ക് മനശാസ്ത്രപരമായ കൗണ്‍സിലിംഗ് കൊടുക്കാനുമെന്ന പേരില്‍ ജ്യോതിഷം ഉപയോഗിക്കുന്നത്.
‘മെഡിക്കല്‍ സയന്‍സിനെ ജ്യോതിഷവുമായി സംയോജിപ്പിക്കാനാണ് ശ്രമിക്കുന്നത്. രോഗി വന്നാല്‍ ജ്യോതിഷത്തിന്റെ സഹായത്തോടെ രോഗിയെ വിലയിരുത്തുകയും രോഗം നിര്‍ണയിക്കുകയും ചെയ്യുന്നു. പക്ഷെ ചികിത്സ നല്‍കുന്നത് ശാസ്ത്രത്തിന്റെ സഹായത്തോടെയാണ്. രോഗികളും തൃപ്തരാണ്.’ ഡോക്ടര്‍ മഹേഷ് കുല്‍കര്‍ണി പറഞ്ഞു.
എഴുപതിലധികം കേസുകളാണ് ജ്യോതിഷം വഴി രോഗനിര്‍ണയം നടത്തിയിട്ടുള്ളതെന്നാണ് ആശുപത്രി ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇതിനെതിരെ വലിയ പ്രതിഷേധമാണ് മെഡിക്കല്‍ രംഗത്തെ ഡോക്ടര്‍മാര്‍ ഉയര്‍ത്തുന്നത്. ജ്യോതിഷം എന്നത് വ്യാജമാണെന്നും ആളുകളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും മെഡിക്കല്‍ എത്തിക്സിന് എതിരായുള്ള പ്രവര്‍ത്തനമാണെന്നും മറ്റ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അഞ്ച് ഡോക്ടര്‍ന്മാര്‍ ഉള്‍പ്പടെ 22 ജോലിക്കാരാണ് സംഗീത മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്.