‘മന്ത്രിമാർക്ക് ഗവർണർ മാർക്കിടേണ്ട’; ഒറ്റക്കെട്ടായി നേരിടുമെന്ന് മുഖ്യമന്ത്രി

ഗവർണറുടെ അന്ത്യശാസനം പാലിക്കേണ്ടതില്ലെന്ന കൃത്യമായ സൂചന വാർത്താസമ്മേളനത്തിലൂടെ നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ എല്ലാ വിസിമാരും പ്രഗത്ഭമതികളാണെന്ന് പറഞ്ഞ മുഖ്യമന്ത്രി വി സിമാർ രാജിവയ്ക്കേണ്ടതില്ലെന്ന് സൂചിപ്പിച്ചു. ഗവർണർ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം. മന്ത്രിമാർക്ക് ഗവർണർ മാർക്കിടേണ്ടതില്ലെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.

പിൻവാതിൽ ഭരണം നടത്താമെന്ന് ഗവർണർ വിചാരിക്കേണ്ടയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന് യാതൊരു ഭയവുമില്ല. ഒറ്റക്കെട്ടായി ഇതിനെ നേരിടും. വിവരമില്ലാത്തവൻ എന്ന് ഒരു മന്ത്രിയെ വിളിച്ചു. ക്രിമിനൽ എന്ന് വിസിയെ വിളിച്ചു. നോമിനേറ്റഡ് സംവിധാനങ്ങൾ ജനാധിപത്യത്തിന് മേലെയല്ലെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. കേരളത്തിലെ ഒൻപത് സർവകലാശാലകളിലെ വിസിമാരുടെ രാജി ആവശ്യപ്പെട്ട് ഗവർണർ അന്ത്യശാസനം നൽകിയതിന് പിന്നാലെ സർക്കാർ-ഗവർണർ പോര് അതിരൂക്ഷമാകുകയാണ്.

ഗവർണർ കേരളത്തിൽ സംഘപരിവാറിന് അഴിഞ്ഞാടാൻ കളമൊരുക്കരുതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലൂടെ ആഞ്ഞടിച്ചു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും ഇതിന് പിന്നിൽ സംഘപരിവാർ അജണ്ടയാണെന്നുമാണ് സർക്കാർ നിലപാട്. ക്ഷുദ്രശക്തികൾക്ക് കൂട്ടുനിൽക്കരുതെന്നും മുഖ്യമന്ത്രി വിമർശിച്ചു. യൂണിവേഴ്സിറ്റിക്ക് പുറത്ത് ചാൻസലർക്ക് ഒരു അധികാരവും ഇല്ലെന്ന് ഗവർണർ ഓർമിപ്പിച്ചു. സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള ഗവർണറുടെ നീക്കത്തിന് പ്രതിപക്ഷ നേതാവ് കൂട്ടുനിൽക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. ലീഗ് നേതാക്കൾ ആപത്ത് തിരിച്ചറിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.