കാർഗിൽ: ഇന്ത്യ എല്ലായ്പ്പോഴും യുദ്ധത്തെ അവസാന ആശ്രയമായാണ് കാണുന്നതെന്ന് പ്രധാനമന്ത്രി മോദി. എന്നാൽ, രാജ്യത്തിന് എതിരെ ദുഷ്ടലാക്കോടെ തിരിയുന്ന ആർക്കും മറുപടി കൊടുക്കാൻ ഇന്ത്യയുടെ സായുധ സേനയ്ക്ക് ശക്തിയും തന്ത്രങ്ങളുമുണ്ടെന്നും മോദി കൂട്ടിചേർത്തു. ദീപാവലി ദിനത്തിൽ സൈനികരുമായി സംവദിക്കുകയായിരുന്നു മോദി. ദീപാവലി ‘ഭീകരതയുടെ അവസാനത്തിൻറെ ആഘോഷത്തിൻറെ’ പ്രതീകമാണെന്നും മോദി അഭിപ്രായപ്പെട്ടു.
‘ഞാൻ കാർഗിൽ യുദ്ധം അടുത്ത് കണ്ടിട്ടുണ്ട്.’ 1999-ലെ കാർഗിൽ സംഘർഷത്തിന് ശേഷം കാർഗിൽ സന്ദർശിച്ചതും മോദി ഓർത്തെടുത്തു. അന്ന് എന്നെ കാർഗിലിൽ എത്തിച്ചത് എൻറെ കടമയാണ്. വിജയത്തിൻറെ ശബ്ദം ചുറ്റുപാടും അലയടിക്കുന്ന ആ കാലത്തിൻറെ ഒത്തിരി ഓർമ്മകളുണ്ടെന്നും മോദി പറഞ്ഞു. കാർഗിലിൽ നമ്മുടെ സായുധ സേന ഭീകരതയുടെ മൂർദ്ധന്യത്തെ തകർത്തു. അന്ന് ആഘോഷിച്ച ദീപാവലി ജനങ്ങൾ ഇപ്പോഴും ഓർക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
കഴിഞ്ഞ എട്ട് വർഷമായി, സായുധ സേനയിൽ പുതിയ സാങ്കേതികവിദ്യകൾ വിന്യസിച്ചും, അതിർത്തി പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും, സ്ത്രീകൾക്ക് സൈന്യത്തിലേക്കുള്ള വഴികൾ തുറന്ന് കൊടുത്തും സർക്കാർ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. സ്ത്രീകളെ സായുധ സേനയിൽ ഉൾപ്പെടുത്തുന്നത് നമ്മുടെ സൈനിക ശക്തി വർദ്ധിപ്പിക്കുമെന്നും മോദി സൈനികരെ അഭിസംബോധന ചെയ്തു പറഞ്ഞു. പതിറ്റാണ്ടുകളായി സായുധ സേനയിൽ ആവശ്യമായ പരിഷ്കാരങ്ങൾ ഇപ്പോൾ നടപ്പിലാക്കുകയാണെന്നും മോദി കൂട്ടിച്ചേർത്തു.