വാഷിങ്ടണ്‍: സൗകര്യങ്ങള്‍ കുറഞ്ഞ സാഹചര്യത്തില്‍ വളരുന്ന കുട്ടികളില്‍ കായികക്ഷമത കുറവായിരിക്കുമെന്നും അതിനാല്‍ തന്നെ അമിതവണ്ണം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും പഠനം. പാക്കിസ്ഥാന്, ബംഗ്ലാദേശ് രാജ്യങ്ങളിലെ അസൗകര്യപ്രദമായ സാമൂഹ്യസ്ഥിതിയില്‍ വളരുന്ന കുട്ടികളിലാണ് അമിതവണ്ണം കൂടുന്നതായി കണ്ടെത്തിയത്. കുട്ടികളിലെ അമിതവണ്ണം കഴിഞ്ഞ നാല് ദശകങ്ങളായി പത്ത് മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. കുട്ടികളിലെ അമിതവണ്ണത്തില്‍ ഗോത്രപരമായും വംശപരമായുള്ള വ്യത്യാസങ്ങള്‍ കാണുന്നുണ്ട്. ബ്ലാക്ക് ആഫ്രിക്കന്‍, ബ്ലാക്ക് കരീബിയന്‍ വംശത്തില്‍ പെട്ട കുട്ടികളില്‍ അമിതവണ്ണത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. ബിഎംജെ ഓപണ്‍ ജേര്‍ണലാണ് പഠനം പ്രസിദ്ധീകരിച്ചത്.
അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശപ്രകാരം കുട്ടികള്‍ ദിവസം 60 മിനിറ്റ് ഓട്ടം, നീന്തല്‍ തുടങ്ങിയ കായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് പറയുന്നുണ്ട്. ഏഴ് വയസ്സ് പ്രായം വരുന്ന 5200 കുട്ടികളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. കുട്ടികള്‍ക്ക് ആക്സിലറോമീറ്ററുകള്‍ നല്‍കികൊണ്ട് പത്തുമണിക്കൂര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു. വിദ്യാഭ്യാസമുള്ള അമ്മമാരുള്ള കുട്ടികള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരാണെന്നും അവരില്‍ പ്രവര്‍ത്തനശക്തി കൂടുതലാണെന്നും കണ്ടെത്തി. കുടുംബത്തിലെ വരുമാനം കൂടുന്നതനുസരിച്ച് കുട്ടികളില്‍ കായികക്ഷമത വര്‍ദ്ധിക്കുന്നതായും കണ്ടെത്തി. പാക്കിസ്ഥാന്, ബംഗ്ലാദേശ് സാമൂഹ്യസ്ഥിതിയില്‍ ജിവിക്കുന്ന കുട്ടികളേക്കാള്‍ കൂടുതല്‍ കായികക്ഷമത യൂറോപ്യന്‍ രാജ്യങ്ങളിലെ കുട്ടികള്‍ക്ക് ഉള്ളതായും പറയുന്നു. സാമൂഹ്യസാമ്പത്തിക സാഹചര്യങ്ങളും വംശീയമായ സാമൂഹ്യസ്ഥിതിയും കുട്ടികളിലെ കായികക്ഷമതയെ വലിയ രീതിയില്‍ ബാധിക്കുന്നുവെന്നാണ് പഠനം തെളിയിക്കുന്നത്.