സവര്‍ക്കറുടെ ജന്മവാര്‍ഷികത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഠാര വിതരണം ചെയ്ത് ഹിന്ദു മഹാസഭ

ആഗ്ര: ആര്‍എസ്എസ് തത്വ ചിന്തകന്‍ വിനായക് ദാമോദര്‍ സാവര്‍ക്കറുടെ ജന്മവാര്‍ഷികത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭഗവദ്ഗീതയോടൊപ്പം കഠാരകള്‍ വിതരണം ചെയ്ത് ഹിന്ദു മഹാസഭ. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ഹിന്ദു മഹാസഭാ നേതാക്കള്‍ കത്തിയും ഭഗവദ്ഗീതയും വിതരണം ചെയ്തത്.

രാഷ്ട്രീയത്തിലെ ഹിന്ദുത്വവത്കരണവും ഹിന്ദുക്കളുടെ ശാക്തീകരണവുമായിരുന്നു സാവര്‍ക്കറുടെ സ്വപ്നം. അതില്‍ ആദ്യത്തേത് മികച്ച വിജയത്തോടെ മോദി സാക്ഷാത്കരിച്ചെന്നും രണ്ടാമത്തെ ആഗ്രഹം നിറവേറ്റാനാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്തതെന്നും ഹിന്ദു മഹാസഭ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്വയരക്ഷയ്ക്കും രാജ്യരക്ഷയ്ക്കും ഹിന്ദുക്കളെ പ്രാപ്തരാക്കാനാണ് ആയുധങ്ങള്‍ സമ്മാനിച്ചത്. ഹിന്ദുക്കളായ യുവതലമുറയുടെ ശാക്തീകരണമാണ് ഇതിന് പിന്നിലെ ലക്ഷ്യം. ഇത് അവരുടെ സ്വയരക്ഷയ്ക്ക് ഉപകരിക്കുമെന്ന് ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെ പറഞ്ഞു. ഏത് സന്ദര്‍ഭത്തിലാണ് ആയുധം ഉപയോഗിക്കേണ്ടതെന്ന് വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ കത്തിയോടൊപ്പം ഭഗവദ്ഗീതയും നല്‍കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കായി ആയുധ പരിശീലനം നടത്തേണ്ടത് അനിവാര്യമാണെന്നും പൂജ പാണ്ഡെ പറഞ്ഞു.

രാജ്യത്തിന്റെ ശക്തിക്ക് വേണ്ടി ധൈര്യവും ദേശഭക്തിയും അചഞ്ചലമായ ആത്മാര്‍ത്ഥയും കാത്തുസൂക്ഷിക്കുകയും രാജ്യത്തിന്റെ നിര്‍മ്മാണത്തിന് നിരവധി ആളുകളെ പ്രചോദിപ്പിക്കുകയും ചെയ്തയാളാണ് വീര സാവര്‍ക്കര്‍ എന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു.