റോബര്‍ട്ട് വദ്രക്ക് വന്‍കുടലില്‍ മുഴ; ചികിത്സക്കായി വിദേശ അനുമതി തേടുന്നു

ന്യൂഡല്‍ഹി: വന്‍കുടലില്‍ മുഴയുണ്ടെന്നും തുടര്‍ചികിത്സക്ക് വിദേശത്ത് പോകാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് വദ്ര കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അരോപണം നേരിടുന്ന വദ്രയുടെ പാസ്പോര്‍ട്ട് കോടതി പിടിച്ചുവച്ചിരിക്കുകയാണ്. ജൂണ്‍ 3ന് വദ്രയുടെ അപേക്ഷ കോടതി പരിഗണിക്കും.

ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് അഭിഭാഷകന്‍ വഴി വദ്ര കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ മെയ് 13 ന് ആശുപത്രിയില്‍ നിന്ന് നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് കോടതിയില്‍ നല്‍കിയതെന്നും ഗുരുതരമായ അസുഖമാണെങ്കില്‍ എന്തുകൊണ്ടാണ് നേരത്തെ അറിയിക്കാതിരുന്നതെന്നും ചോദിച്ച് പ്രോസിക്യൂഷന്‍ അപേക്ഷയെ എതിര്‍ത്തു.