ജാതിഅധിക്ഷേപത്തെ തുടർന്ന് മുംബൈയിൽ യുവ വനിതാഡോക്ടർ ജീവനൊടുക്കിയ സംഭവം പുതിയ വഴിത്തിരിവിലേക്ക്. പായൽ സൽമാൻ തഡ്വിയുടെ മരണം ആത്മഹത്യയല്ലെന്ന് സംശയിക്കുന്നതായും, കൊലപാതമാണോയെന്ന് അന്വേഷിക്കണമെന്നും അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. പോസ്റ്റുമോർട്ടം റിപ്പോർട്ടിനെ ചൂണ്ടിക്കാട്ടിയാണ് ആവശ്യം.
പായലിന്റെ കഴുത്തിലും ശരീരത്തിൻറെ മറ്റുപല ഭാഗങ്ങളിലും ചെറിയ മുറിവുകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതാണ് സംശയത്തിന് വഴിവച്ചിരിക്കുന്നത്. അതിനാൽ, കൊലപാതകസാധ്യത കൂടി അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്ന് അഭിഭാഷകൻ നിതിൻ സത്പുത് ആവശ്യപ്പെട്ടു. ഈമാസം 22നാണ് മുംബൈ ബിവൈഎൽ നായർ സർക്കാർ ആശുപത്രിയിൽ ആദിവാസിവിഭാഗത്തിൽനിന്നുള്ള ഡോക്ടർ പായലിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകരായ മൂന്നുപേർ ആത്മഹത്യാപ്രേരണയിൽ അറസ്റ്റിലായിരുന്നു.
ഭക്തി മെഹാര, ഹേമ അഹൂജ, അങ്കിത ഖണ്ഡൽവൽ എന്നിവരാണ് അറസ്റ്റിലായത്. മരിച്ച പായൽ സൽമാൻ താദ്വിയുടെ സഹപ്രവർത്തകരാണ് പിടിയിലായ എല്ലാവരും. റാഗിങ്ങിനൊപ്പം, വാട്സാപ്പ് ഗ്രൂപ്പിലൂടേയും മറ്റുമുള്ള ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് പെൺകുട്ടി കഴിഞ്ഞിരുന്നതെന്നും, ഇത് പരാതി പറഞ്ഞപ്പോൾ കോളേജ് അധികൃതർ ഇടപെട്ടിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.
പിന്നാലെ, ശക്തമായ പ്രതിഷേധമാണ് മുംബൈ സെന്ട്രെളിലെ ബിവൈഎൽ നായർ സർക്കാർ ആശുപത്രിക്കെതിരെ ഉയർന്നത്. അറസ്റ്റ് വൈകുന്നതിനെതിരെ പോലീസിനെതിരെയും പ്രതിഷേധം ശക്തമായി. തുടർന്നാണ് രണ്ടുദിവസത്തിനിടെ മൂവരേയും പൊലീസ് അറസ്റ്റ് ചെയ്തത്.
മഹാരാഷ്ട്രാ വനിതാകമ്മിഷനും പ്രശ്നത്തിൽ ഗൗരവകരമായി ഇടപെട്ടിരുന്നു. റാഗിങ്ങിന് സമാനമായ സംഭവത്തിൽ എന്തുകൊണ്ട് നടപടികൾ സ്വീകരിച്ചില്ലെന്ന് ആരാഞ്ഞ് വനിതാകമ്മിഷൻ ആശുപത്രിയധികൃതർക്ക് നോട്ടീസയച്ചിട്ടുണ്ട്. പ്രതികളായ അങ്കിത ഖണ്ഡൽവാൾ, ഹേമ അഹൂജ, ഭക്തി മെഹർ എന്നിവരെ മഹാരാഷ്ട്ര റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ അംഗത്വത്തിൽനിന്ന് താത്കാലികമായി പുറത്താക്കി