ആപ്പിളിനോളം വലുപ്പം മാത്രം, ലോകത്തെ ഏറ്റവും ചെറിയ കുഞ്ഞ് ജനിച്ചു

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ലോകത്തെ ഏറ്റവും ചെറിയ കുഞ്ഞ് ജനിച്ചു. 245 ഗ്രാം മാത്രം ഭാാരമുളള പെണ്‍കുഞ്ഞ് ജനിച്ചതായി ബുധനാഴ്ചയാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ജനിച്ചപ്പോള്‍ ഒരു വലിയ ആപ്പിളിനോളം വലുപ്പം മാത്രമാണ് കുഞ്ഞിന് ഉണ്ടായിരുന്നത്. സേബി എന്നാണ് കുഞ്ഞിനെ ആശുപത്രി അധികൃതര്‍ വിളിക്കുന്നത്. സാന്‍ഡിയാഗോയിലെ ഷാര്‍പ് മേരി ബിര്‍ച്ച് ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്.

വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് കുഞ്ഞിന്റേയും അമ്മയുടേയും ജീവന്‍ അപകടത്തിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന ദിനമായിരുന്നു പ്രസവ ദിവസമെന്ന് കുഞ്ഞിന്റെ അമ്മ പറഞ്ഞു.

2018 ഡിസംബർ 23–നായിരുന്നു കുഞ്ഞിന്റെ ജനനം. ഗർഭാവസ്ഥയിൽ ഒട്ടേറെ സങ്കീർണതകളുണ്ടായതാണ് പ്രസവം നേരത്തെയാക്കാൻ കാരണമായത്. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. പ്രസവത്തിന് ശേഷം ഒരു മണിക്കൂർ മാത്രമാണ് കുട്ടിക്ക് ഡോകടർമാർ ആയുസ്സ് പറഞ്ഞിരുന്നത്. എന്നാൽ ആ ഒരുമണിക്കൂർ രണ്ട് മണിക്കൂറായി, പിന്നീട് ഒരു ദിസവമായി, പിന്നീട് ആഴ്ചകളായി. ഇപ്പോഴിതാ ഈ മാസം ആദ്യം ആശുപത്രിയിലെ എൻഐസിയുവിൽ നിന്നും വീട്ടിലെത്തിയിരിക്കുകയാണ് സേബി. അതും 2.2 കിലോഗ്രാം ഭാരമുള്ള പൂർണ ആരോഗ്യമുള്ള കുഞ്ഞായി.
അവളൊരു അൽഭുതമാണ് എന്നാണ് ആശുപത്രിയിലെ നഴ്സായ കിം നോർബി പറയുന്നത്. ‘കാരണമെന്താണെന്ന് വച്ചാൽ മാസം തികയാതെ ജനിക്കുന്ന കുട്ടികൾക്ക് ഉണ്ടാകുന്ന മറ്റ് സങ്കീർണതകളൊന്നും സേബിക്ക് ഉണ്ടായിരുന്നില്ല. തലച്ചോറിൽ രക്തസ്രാവമോ, ശ്വാസകോശത്തിനും ഹൃദയത്തിനുമുണ്ടാകുന്ന തകരാറോ ഒന്നും അവൾക്ക് ഉണ്ടായിരുന്നില്ല’. കിം പറയുന്നു.

ലോവ സർവകലാശാലയുടെ ‘ടൈനിയസ്റ്റ് ബേബി രജിസ്റ്ററി’യുടെ കണക്ക് പ്രകാരം ജീവൻ തിരിച്ചുകിട്ടിയ ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞാണ് ഇപ്പോൾ സേബി. സേബിയുടെ ജനനം തൊട്ടുള്ള വളർച്ചയുടെ വിഡിയോ ഷാർപ് ഹെൽത്ത്കെയർ അവരുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്