ചാരപ്രവര്‍ത്തനം; പാക് ജനറലിന് ജീവപര്യന്തം തടവ്

ചാരപ്രവര്‍ത്തനം നടത്തിയതിന് പാകിസ്താനില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് ജീവപര്യന്തം തടവ്. ലഫ്റ്റനന്റ് ജനറല്‍ റാങ്കില്‍ വിരമിച്ച ഉദ്യാഗസ്ഥനാണ് സൈന്യം ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇതേ കേസില്‍ തന്നെ ഒരു ബ്രിഗേഡിയര്‍ റാങ്കിലുള്ള സൈനികനും ഒരു സിവിലിയന്‍ ഓഫീസര്‍ക്കും വധശിക്ഷയും വിധിച്ചിട്ടുണ്ട്. പാകിസ്താന്‍ സൈന്യം വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ചാരപ്രവര്‍ത്തിയും ദേശീയ സുരക്ഷയെ ബാധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ വിദേശ ശക്തികള്‍ക്ക് ചോര്‍ത്തിയതുമാണ് ഇവര്‍ക്കെതിരായ കുറ്റം. ലഫ്റ്റനന്റ് ജനറല്‍ റാങ്കില്‍ വിരമിച്ച ജാവേദ് ഇക്ബാലിനാണ് ജീവപര്യന്തം തടവ് ലഭിച്ചിരിക്കുന്നത്. പാക് നിയമപ്രകാരം ഇയാള്‍ 14 വര്‍ഷം ജയിലില്‍ കഴിയേണ്ടി വരും. ബ്രിഗേഡിയര്‍ റാങ്കില്‍ വിരമിച്ച രാജാ റിസ്വാനെയും, സൈന്യത്തില്‍ തന്നെ ജോലി ചെയ്യുന്ന സിവിലിയന്‍ ഡോക്ടറായ വസീം അക്രത്തിനെയുമാണ് വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്.

ഏത് രീതിയിലുള്ള വിവരങ്ങളാണ് ഇവര്‍ ചോര്‍ത്തിയതെന്നും ഏത് വിദേശ ഏജന്‍സിക്കാണ് ഇത് ചോര്‍ത്തിയതെന്നുമുള്ള വിവരങ്ങള്‍ പാക് സൈന്യം പുറത്തുവിട്ടിട്ടില്ല. ഈ രണ്ട് സൈനിക ഉദ്യോഗസ്ഥരും ഈ കേസ് വരുന്നതിന് മുമ്പ് വിരമിച്ചവരാണോ എന്ന കാര്യവും വ്യക്തമല്ല. സ്വന്തമായ നിയമവും കോടതിയുമുള്ള പാക് സൈന്യത്തിന്റെ വിചാരണകള്‍ അടച്ചിട്ട മുറികളിലാണ് നടക്കാറുള്ളത്.